Sorry, you need to enable JavaScript to visit this website.

മെസി ജറൂസലമിൽ കളിച്ചാൽ ജഴ്‌സി കത്തും;  അർജന്റീന-ഇസ്രായിൽ മാച്ചിനെതിരെ പ്രതിഷേധം

റമല്ല- ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തിന്റെ ഭാഗമായി ജറൂസലമിൽ അടുത്ത ശനിയാഴ്ച നടക്കാനിരിക്കുന്ന ഇസ്രായിൽ-അർജന്റീന മാച്ചിനെതിരെ ഫലസ്തീനിൽ പ്രതിഷേധം കനക്കുന്നു. ജറൂസലമിലെ ടെഡി കൊലെക് സ്‌റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തെ ഇസ്രാഈൽ രാഷ്ട്രീയമായി ഉപയോഗിക്കുന്നവെന്നാരോപിച്ച് ഫലസ്തീൻ ഫുട്‌ബോൾ അസോസിയേഷൻ മേധാവി ജിബ്രിൽ റജുബ് അർജന്റിന ഫുട്‌ബോൾ അസോസിയേഷൻ അധ്യക്ഷൻ ക്ലോദിയോ താപിയയ്ക്ക് കത്തെഴുതി. മത്സരത്തിൽ സൂപ്പർ താരം മെസിയും പങ്കെടുക്കുമെന്നാണ് പ്രചാരണം. മെസി പങ്കെടുത്താൽ പ്രതീകാത്മകമായി മെസിയുടെ ജഴ്‌സി കത്തിച്ച് പ്രതിഷേധിക്കണമെന്ന് ഫലസ്തീൻ ഫുട്‌ബോൾ ആരാധകരോട് റജുബ് ആഹ്വാനം ചെയ്തിരിക്കുകയാണ്.

പടിഞ്ഞാറൻ ജറൂസലമിലാണ് കളി നടക്കാനിരിക്കുന്ന സ്‌റ്റേഡിയം. ഗസ മുനമ്പ്, ഇസ്രായിൽ അധീനതയിലുള്ള വെസ്റ്റ് ബാങ്ക് എന്നിവ കൂടി ഉൾപ്പെട്ട കിഴക്കൻ ജറൂസലം ഭാവി ഫലസ്തീൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായാണ് ഫലസ്തീനികൾ പരിഗണിക്കുന്നത്. ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ട് യു.എസ് തങ്ങളുടെ എംബസി ഇവിടേക്കു മാറ്റിയതോടെയാണ് ജറൂസലമിനെ ചൊല്ലിയുള്ള തർക്കങ്ങൾ വീണ്ടും സജീവമായത്. ഇസ്രായിൽ-അർജന്റീന സൗഹൃദ മത്സരം നേരത്തെ ഹൈഫയിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായിൽ അധികൃതർ ഫണ്ട് മുടക്കിയാണ് മത്സരം ജറുസലമിലേക്കു മാറ്റിയത്.

ഇസ്രായിലിന്റെ 70-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഈ ഫുട്‌ബോൾ മാച്ചും ആഘോഷിക്കപ്പെടുന്നതെന്നാണ് അർജന്റീനയിലെ മാധ്യമങ്ങൾ വ്യാപകമായി വിശേഷിപ്പിക്കുന്നത്. ഇസ്രായിൽ സർക്കാർ ഒരു സാധാരണ കായിക മത്സരത്തെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റിയിരിക്കുകയാണ്, ജിബ്രിൽ റജുബ് കത്തിൽ ആരോപിച്ചു.

ഇതിനെതിരെ പ്രതിഷേധിക്കണമെന്നാണ് അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അർജന്റീനയ്ക്കും മെസിക്കും ഫലസ്തീൻ ഉൾപ്പെടെയുള്ള അറബ് ലോകത്ത് വലിയ ആരാധകരുണ്ട്. മെസി വലിയൊരു പ്രതീകമാണ്. അദ്ദേഹത്തെ ലക്ഷ്യം വച്ച് ഈ മാച്ചിനെതിരെ ഞങ്ങൾ പ്രതിഷേധിക്കും. മെസിയുടെ ചിത്രങ്ങളും 10ാം നമ്പർ ജഴ്‌സിയും കത്തിക്കും. മെസിസ്സ ഈ കളിയിൽ പങ്കെടുക്കില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ അദ്ദേഹം പറഞ്ഞു. റമല്ലയിലെ അർജന്റീന നയതന്ത്ര പ്രതിനിധിയുടെ ഓഫീസിനു മുന്നിലും ഫലസ്തീനികൾ പ്രതിഷേധിച്ചു.
 

Latest News