ഷില്ലോംഗ് - മേഘാലയയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മക്ക് ഗവര്‍ണറുടെ ക്ഷണം. മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും 32 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നും കോണ്‍റാഡ് സാങ്മ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തേക്കും.
കഴിഞ്ഞ ദിവസം 32 എം.എല്‍.എമാര്‍ ഒപ്പിട്ട് കത്ത് കോണ്‍റാഡ് സാങ്മ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ഗവര്‍ണര്‍ സാങ്മയെ ക്ഷണിച്ചത്.
കേവല ഭൂരിപക്ഷമില്ലെങ്കിലും 26 സീറ്റില്‍ ജയിച്ച സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയായിരുന്നു മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ട് സീറ്റുള്ള ബി.ജെ.പിക്ക് പുറമേ രണ്ട് സീറ്റുള്ള ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും രണ്ട് സ്വതന്ത്ര എം.എല്‍.എമാരും സാങ്മക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്‍.പി.പിക്ക് പിന്തുണയില്ലെന്ന് ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പിന്നീട് വ്യക്തമാക്കി.
60 അംഗ നിയമസഭയില്‍ നിലവില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 30 പേരുടെ പിന്തുണ മതി. സ്ഥാനാര്‍ഥിയുടെ മരണത്തെതുടര്‍ന്ന് ഒരു മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. അതിനാല്‍ ഹില്‍ സ്‌റ്റേറ്റ് പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കിലും 30 എന്ന കേവല ഭൂരിപക്ഷത്തിലെത്താന്‍ സാങ്മയ്ക്ക് കഴിയും.