Sorry, you need to enable JavaScript to visit this website.

പിണക്കം തീർക്കാൻ ഇ.പിയും ജാഥയിൽ; പിണറായിയുടെ കുടുംബം നാടിന്റെ ഐശ്വര്യമെന്ന് ഇ.പി ജയരാജൻ

- യു.ഡി.എഫ് ഒരു കുഴൽ മാടനെ ഇറക്കിയിരിക്കുന്നുവെന്ന് ഇടതു മുന്നണി കൺവീനർ 
തൃശൂർ -
പരിഭവങ്ങളും പിണക്കങ്ങളുമെല്ലാം മാറ്റിവെച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കാളിയായി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി ജയരാജനും എത്തി. 
 കഴിഞ്ഞമാസം 20ന് കാസർക്കോട്ടുനിന്നാരംഭിച്ച ജാഥ സ്വന്തം ജില്ലയായ കണ്ണൂരിൽ അടക്കമുള്ള വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഇ.പി ജയരാജന്റെ അസാന്നിധ്യം വാർത്തയായതിനു പിന്നാലെ ഇന്ന് വൈകീട്ട് ജാഥയ്ക്ക് തൃശൂർ തേക്കിൻകാട് മൈതാനത്തു നൽകിയ സ്വീകരണത്തിലാണ് ഇ.പി ജയരാജൻ പങ്കെടുത്തത്. ആരോഗ്യപ്രശ്‌നങ്ങൾക്ക് അപ്പുറം ഭാര്യയുടെ പേരിലുള്ള റിസോർട്ട് വിവാദം, പാർട്ടി പി.ബി അംഗം, പാർട്ടി സംസ്ഥാന സെക്രട്ടറി പദവി എന്നിവയൊന്നും ലഭിക്കാത്തതിലുള്ള നിരാശയടക്കം ഇ.പിയുടെ പിറകോട്ടടിക്ക് കാരണമായി വാർത്തകളുണ്ടായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയ്ക്ക് വളരെ മുതിർന്ന ഒരു നേതാവ് മതിയായ കാരണമില്ലാതെ പൂർണമായും ബഹിഷ്‌കരിച്ചാൽ അത് ക്ഷീണമാകുമെന്നും പാർട്ടിക്ക് നടപടി സ്വീകരിക്കേണ്ടി വരും എന്നതടക്കമുള്ള കാര്യങ്ങൾ ഇ.പിയെ ധരിപ്പിച്ചതായാണ് വിവരം. തുടർന്നാണ് ഇ.പി വഴങ്ങിയതെന്ന് പറയുന്നു.
 കേന്ദ്രസർക്കാർ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് ജാഥയിൽ പ്രസംഗിച്ച ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഫാസിസ്റ്റ് ഏകാധിപത്യ ഭരണത്തിനാണ് മോദി കിണഞ്ഞു ശ്രമിക്കുന്നതെന്നും കേന്ദ്രം ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 ത്രിപുരയിൽ വലിയ ഭീകരതയ്ക്കാണ് ബി.ജെ.പി നേതൃത്വം നൽകുന്നത്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കറുത്ത കൊടിയുമായി ആക്രമിക്കാൻ പോയാൽ ജനം കയ്യുംകെട്ടി നോക്കി നിൽക്കില്ല. പിണറായി വിജയന്റെ കുടുംബം നാടിന്റെ ഐശ്വര്യമാണ്. പിണറായിയുടെ കുടുംബത്തെ യു.ഡി.എഫുകാർ വേട്ടയാടുകയാണ്. നിപയും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ചു നടക്കുകയാണവർ. മറിയം റഷീദയെയും ഹൗസിയ ഹസനെയും ഉപയോഗിച്ച് നമ്പി നാരായണനെ ജയിലിൽ അടച്ചവരാണ് കോൺഗ്രസുകാർ. പിണറായിയെയും ഇടതുപക്ഷത്തെയും കളങ്കപ്പെടുത്താൻ മക്കളേ നിങ്ങൾ പോരണ്ട. ഇത് കേരളമാണ്. നാശത്തിന്റെ കുഴിയാണ് യു.ഡി.എഫ് സൃഷ്ടിച്ചത്. ഒരു കുഴൽമാടൻ ഇറങ്ങിയിരിക്കുന്നു. എന്തും പറയാമെന്ന് ആരും കരുതേണ്ട. സംസ്ഥാന സർക്കാർ കടം വാങ്ങിയാൽ എന്താ കുഴപ്പം? സംസ്ഥാനം ജപ്തി ചെയ്ത് കൊണ്ടുപോകുമോ? സംസ്ഥാന സർക്കാരിനെ ആരും ജപ്തി ചെയ്യില്ല. അടിസ്ഥാന സൗകര്യം വികസിപ്പിച്ച് നാടിനെ അഭിവൃത്തിപ്പെടുത്തി തിരിച്ചുകൊടുക്കും. 
 പത്രക്കാർ എന്നെ അന്വേഷിച്ചു നടക്കുകയായിരുന്നു. എനിക്കിന്ന് ഒരുപാട് പരിപാടികളുണ്ടെങ്കിലും ഞാനിന്ന് ഇവിടെ പ്രത്യക്ഷപ്പെട്ടല്ലോ. എനിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഇവിടെനിന്ന് പഴയ പല നേതാക്കളെയും കാണാനായി. എൽ.ഡി.എഫ് സർക്കാരിനെ തകർക്കാൻ നോക്കണ്ട, അത് നടക്കില്ലെന്നും വികസനം മുടക്കണം എന്നാണ് ചിലരുടെ ആഗ്രഹമെന്നും ഇ.പി ആരോപിച്ചു.
 

Latest News