റിയാദ്- ലോകത്തെ ഏറ്റവും വലിയ ആസ്തി മാനേജ്മെന്റ് കമ്പനികളിൽ ഒന്നായ, ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലാക്ക്റോക്ക് സൗദി ഓഹരി വിപണിയിൽ നടത്തിയിരിക്കുന്നത് 2,344 കോടി റിയാലിന്റെ (622 കോടി ഡോളർ) നിക്ഷേപങ്ങൾ. സൗദിയിലെ 114 കമ്പനികളിലും ഫണ്ടുകളിലും ബ്ലാക്ക്റോക്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. കമ്പനി സൗദി ഓഹരി വിപണിയിൽ നടത്തിയ നിക്ഷേപങ്ങളുടെ 32 ശതമാനവും ബാങ്കിംഗ് മേഖലയിലാണ്. 750 കോടി റിയാലിന്റെ (199 കോടി ഡോളർ) നിക്ഷേപമാണ് ബാങ്കിംഗ് മേഖലയിൽ കമ്പനി നടത്തിയത്. പെട്രോകെമിക്കൽ കമ്പനികളിൽ 103 കോടി ഡോളറിന്റെയും, ആരോഗ്യ പരിചരണ കമ്പനി ഓഹരികളിൽ 24.5 കോടി ഡോളറിന്റെയും, സിമന്റ് കമ്പനികളിൽ 105 കോടി ഡോളറിന്റെയും നിക്ഷേപങ്ങൾ കമ്പനി നടത്തിയിട്ടുണ്ട്.
അൽറാജ്ഹി ബാങ്ക് ഓഹരികളിലാണ് ബ്ലാക്ക്റോക്ക് കമ്പനി ഏറ്റവുമധികം നിക്ഷേപം നടത്തിയിരിക്കുന്നത്. അൽറാജ്ഹി ബാങ്കിന്റെ 340 കോടി റിയാൽ വിപണി മൂല്യമുള്ള ഓഹരികൾ ബ്ലാക്ക്റോക്ക് കമ്പനിയുടെ പക്കലുണ്ട്. സൗദി നാഷനൽ ബാങ്കിൽ 196 കോടി റിയാലും, സാബിക്കിൽ 181 കോടി റിയാലും, സൗദി അറാംകൊയിൽ 164 കോടി റിയാലും അമേരിക്കൻ കമ്പനി നിക്ഷേപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിൽ 32,855 കോടി റിയാൽ വിപണി മൂല്യമുള്ള ഓഹരികളുണ്ട്. ഇതിന്റെ ഏഴു ശതമാനം ബ്ലാക്ക്റോക്ക് കമ്പനി വിഹിതമാണ്. സെയ്ൻ ടെലികോം കമ്പനിയുടെ രണ്ടു ശതമാനവും, ജരീർ കമ്പനിയുടെ 1.95 ശതമാനവും, മൊബൈലി കമ്പനിയുടെ 1.8 ശതമാനവും, അൽഇൻമാ ബാങ്കിന്റെ 1.2 ശതമാനവും, അൽജസീറ ബാങ്കിന്റെ 1.2 ശതമാനവും, അൽബിലാദ് ബാങ്കിന്റെ 1.1 ശതമാനവും ഓഹരികൾ ബ്ലാക്ക്റോക്ക് കമ്പനിയുടെ പക്കലാണ്.