കോഴിക്കോട്-സമസ്ത-സി.ഐ.സി പ്രശ്നം ഇപ്പോഴും സാധ്യതകളുണ്ടെന്നും ചെറിയ ചെറിയ കാര്യങ്ങളിലെ പിടിവാശി അവസാനിപ്പിച്ചാൽ എല്ലാം രമ്യമായി പരിഹരിക്കാനാകുമെന്നും അബ്ദുൽ ഹക്കീം ഫൈസി ആദൃശേരി. ഓൺലൈൻ മാധ്യമമായ ദ ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് ഹക്കീം ഫൈസി ഇക്കാര്യം പറഞ്ഞത്. സമസ്തയിൽനിന്ന് ഒരു വിഭാഗത്തെ അടർത്തിയെടുത്ത് സി.പി.എമ്മിനൊപ്പം ചേർക്കാനുള്ള ചിലരുടെ നീക്കം ഇപ്പോഴും തുടരുന്നതായും ഹക്കീം ഫൈസി ആരോപിച്ചു. സമസ്തയുടെ അതേ ആദർശം തന്നെയാണ് എല്ലാവർക്കുമുള്ളത്. ആദർശങ്ങളും വിശ്വാസങ്ങളും ഒന്നാണ്. കാലത്തിന് അനുസരിച്ച് ചില മാറ്റങ്ങൾ വരുത്തുന്നുണ്ട്. അത് ഒരുവിഭാഗത്തിന് ഉൾക്കൊള്ളാനാകുന്നില്ല. പ്രശ്നങ്ങൾ ഇത്രയൊന്നും വഷളാക്കേണ്ട കാര്യമില്ല. സാദിഖലി തങ്ങളുടെ തീരുമാനം എല്ലാവരും അനുസരിക്കുക എന്നതാണ് പ്രധാനം. എന്നാൽ സമസ്തയിലെ ചിലർ സാദിഖലി തങ്ങളെ അനുസരിക്കില്ല. അവർക്ക് ഹിതകരമല്ലാത്ത തീരുമാനം എടുത്താൽ സമസ്തയിൽ പിളർപ്പുണ്ടാകുമെന്നാണ് അവരുടെ ഭീഷണി. സാങ്കേതികമായി സി.ഐ.സിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇപ്പോഴും താനാണെന്നും ഹക്കീം ഫൈസി വ്യക്തമാക്കി. ജനറൽ ബോഡി രാജി സ്വീകരിക്കുന്നത് വരെ കെയർടേക്കർ സ്ഥാനത്ത് തുടരും. സി.ഐ.സി എന്ന സംവിധാനത്തെ തന്നെ പിടികൂടാനാണ് നീക്കം. അവിടെ സ്ഥാനമുറപ്പിച്ച് അധികാരം കയ്യാളാമെന്ന് ചിലർ വിചാരിക്കുന്നു.
ചരിത്രത്തിൽ ആദ്യമായാണ് പാണക്കാട് കുടുംബത്തിൽനിന്നുള്ള ഒരു അംഗത്തിന് സമസ്ത മുശാവറയിൽ ഇടം നൽകാത്തത്. പാണക്കാട് കുടുംബം സമുദായത്തിന്റെ മാത്രമല്ല, കേരളത്തിന്റെ പൊതുനേതൃത്വമാണ്. അവർ മുശാവറയിൽ ഉണ്ടായിരുന്നെങ്കിൽ അഹിതായ കാര്യങ്ങളൊന്നും സംഭവിക്കില്ലായിരുന്നു.
വിദ്യാഭ്യാസ പ്രവർത്തകനായ താൻ അതേ പ്രവർത്തനം തുടരും. ഒരിടത്തുനിന്ന് ഭക്ഷണം കഴിക്കരുത് എന്ന് പറഞ്ഞാൽ അത് അനുസരിക്കാനാകും. എന്നാൽ പഠിക്കരുത്, പഠിപ്പിക്കരുത് എന്നാണ് നിർദ്ദേശമെങ്കിൽ അത് അനുസരിക്കാനാകില്ല. വിദ്യാഭ്യാസ പ്രവർത്തനവുമായി മുന്നോട്ടുപോകുമെന്നും ഹക്കീം ഫൈസി വ്യക്തമാക്കി.