ന്യൂദൽഹി- രാജ്യവ്യാപകമായി ക്രൈസ്തവർക്കെതിരേ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. തങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. നിഷ്പക്ഷതയിലും സമത്വത്തിലുമാണ് തങ്ങൾ വിശ്വസിക്കുന്നത്. രാജ്യത്തെ ഭരണഘടനയോട് പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങി വിവിധ സിവിൽ സർവീസ് വിഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന വ്യത്യസ്ത മതവിശ്വാസങ്ങളിൽ പെട്ട 93 പേർ പ്രധാനമന്ത്രിക്കു കത്തെഴുതിയിരിക്കുന്നത്.
ബിജെപിയുമായും ബന്ധമുള്ളവരും അനുബന്ധ സംഘടനകളിൽ പെട്ടവരും രാജ്യത്തെ ന്യൂനപക്ഷ വിഭാഗൾക്കെതിരേ നടത്തുന്ന അക്രമങ്ങളെ അങ്ങേയറ്റം അപലപിക്കുന്നു. ക്രൈസ്തവർ ഉൾപ്പടെ എല്ലാ ന്യൂനപക്ഷങ്ങൾക്കും എതിരേ നടക്കുന്ന അക്രമങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും എതിർക്കുന്നു. എല്ലാ വിഭാഗങ്ങളെയും മതവിശ്വാസങ്ങൾക്ക് അതീതമായി തുല്യരായി പരിഗണിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ, അടുത്ത കാലത്തായി ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും എതിരായ അക്രമങ്ങൾ വർധിച്ചു വരികയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് 1951ൽ ഉണ്ടായിരുന്ന 2.3 ശതമാനമോ അതിൽ കുറവോ ആണ് ഇപ്പോഴും ക്രൈസ്തവ ജനസംഖ്യ. എന്നാൽ, നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം ഉന്നയിച്ചാണ് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരേ നിരന്തരം ആക്രണം നടത്തുന്നത്. രാഷ്ട്ര നിർമാണത്തിൽ ക്രൈസ്തവർ വഹിച്ച പങ്ക് ഒരു തരത്തിലും വിസ്മരിക്കാൻ കഴിയുന്നതല്ല. സിവിൽ സർവീസ് മേഖലയിലും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവർ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചിട്ടുണ്ട്. എന്നിട്ടും ഈ സമുദായത്തിനെതിരേ വെറുപ്പും വിദ്വേഷവും അക്രമവും തുടരുന്നതായാണ് കാണാൻ കഴിയുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
രാജ്യത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പരിഷ്‌കരണ മേഖലകളിൽ ക്രൈസ്തവരും അവരുടെ സ്ഥാപനങ്ങളും വഹിക്കുന്ന പങ്ക് നിർണായകമാണ്. ഏറ്റവും പിന്നാക്ക സ്ഥലങ്ങളിൽ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി ക്രൈസ്തവ സമൂഹം നിരന്തരം പ്രവർത്തിക്കുന്നു. ക്രൈസ്തവർക്ക് വേണ്ടി മാത്രമെന്ന പേരിൽ പ്രവർത്തിക്കുന്ന ഒരൊറ്റ സ്ഥാപനവും രാജ്യത്തില്ല. അവരുടെ എല്ലാ സ്ഥാപനങ്ങളും എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ജയിലിൽ വെച്ചു മരണമടഞ്ഞ ഫാ. സ്റ്റാൻ സാമിയുടെ വിഷയവും കത്തിൽ പരാമർശിക്കുന്നുണ്ട്. ചത്തീസ്ഗഡ്, ആസാം, യുപി, മധ്യപ്രദേശ്, ഒഡീഷ, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ സ്ഥാപനങ്ങൾക്കും ദേവാലയങ്ങൾക്കും നേരെ ഏറ്റവും കൂടുതൽ അക്രമണങ്ങൾ നടന്നിട്ടുള്ളത്. ഏറ്റവും ഒടുവിൽ ചത്തീസ്ഗഡിലെ നാരായൺപൂരിൽ നടന്ന ആക്രമ സംഭവം ഉൾപ്പടെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ നടക്കുന്ന എല്ലാ അക്രമങ്ങൾക്കും അടിയന്തരമായി അറുതി വരുത്തണം. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഇതിനായി പ്രത്യേക നടപടികൾ സ്വീകരിക്കണം. മൗനം കൂടുതൽ അക്രമങ്ങളിലേക്ക് പോകാൻ പ്രേരിപ്പിക്കുന്ന എന്ന തിരിച്ചറിവിൽ നിന്നാണ് ഇപ്പോൾ ഇത്തരത്തിലുള്ള പ്രതിഷേധ ശബ്ദം ഉയർത്തി മുന്നോട്ടു വരുന്നത്. ക്രൈസ്തവർക്ക് രാജ്യത്ത് മറ്റെല്ലാ പൗരൻമാർക്കും ഉള്ളതു പോലെ തന്നെ തുല്യതയും നിയമ പരിരക്ഷയും ലഭിക്കണമെന്നും പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെടുന്നു.