ന്യൂദല്‍ഹി- ദല്‍ഹി എക്‌സൈസ് അഴിമതി ആരോപണ കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. സിസോദിയയെ മൂന്ന് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. അതേസമയം, രണ്ട് ദിവസം കൂടി സിസോദിയയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ട് ദല്‍ഹി അവന്യൂ കോടതി ഉത്തരവിട്ടു.
സിസോദിയ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കാണാതായ രേഖകള്‍ പലതും വീണ്ടെടുക്കാനുണ്ടെന്നുമാണ് സി.ബി.ഐയുടെ വാദം. എന്നാല്‍ അഞ്ച് ദിവസത്തെ കസ്റ്റഡി ലഭിച്ചിട്ടും സി.ബി.ഐ അന്വേഷണം പരാജയമായിരുന്നുവെന്ന് സിസോദിയയുടെ അഭിഭാഷകന്‍ വാദിച്ചു. അഞ്ച് ദിവസം കസ്റ്റഡിയില്‍ കിട്ടിയിട്ടും സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്. രാത്രി എട്ടു മണി വരെ ചോദ്യം ചെയ്തു. ഒരു ദിവസംപോലും തെളിവെടുപ്പിന് കൊണ്ടുപോയില്ല. അഞ്ച് ദിവസം ലഭിച്ചിട്ടും കിട്ടാത്ത എന്തു രേഖയാണ് ഇനി കിട്ടുക എന്നും അഭിഭാഷകന്‍ ചോദിച്ചു.