സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലിലേക്കുള്ള മേഘാലയയുടെ യാത്ര അദ്ഭുതകരമായിരുന്നു. മേഘാലയയിൽ നിന്ന് ഒരു പിടി ഫുട്‌ബോൾ താരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഷില്ലോംഗ് പ്രീമിയർ ലീഗിൽ കളിച്ചുവളർന്നവർ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളിൽ സ്ഥാനം പിടിച്ചത് ഗുണനിലവാരത്തിന്റെ സൂചനയാണ്. ജൂനിയർ തലത്തിലും മികവുറ്റ കളിക്കാരുണ്ട്. എന്തുകൊണ്ടോ സീനിയർ തലത്തിൽ വിജയം അകന്നു നിൽക്കുകയായിരുന്നു. ഒരുപാട് സ്വപ്‌നങ്ങളിൽ നെയ്തുകൂട്ടിയതാണ് മേഘാലയയുടെ സന്തോഷ് ട്രോഫി ദൗത്യം. ശനിയാഴ്ച റിയാദിന്റെ മണ്ണിൽ ആ യജ്ഞം സഫലമാവുമെന്നാണ് കളിക്കാരുടെ ആഗ്രഹം.
ബുധനാഴ്ച സെമിഫൈനലിൽ ക്യാപ്റ്റൻ ഫുൾമൂൺ മുഖീമിനു പകരം മേഘാലയയെ നയിച്ചത് ബ്രോലിംഗ്ടൺ വാർലാർപിയാണ്. ശനിയാഴ്ച സന്തോഷ് ട്രോഫി ഫൈനൽ കഴിഞ്ഞ് മേഘാലയയിൽ തിരിച്ചെത്തിയാൽ വാർലാർപിക്ക് ഷില്ലോംഗിലെ ഇന്ദിരാഗാന്ധി റീജനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് ആന്റ് മെഡിക്കൽ സയൻസസിലെ ലോൺഡ്രി സൂപ്പർവൈസറുടെ റോളിൽ ജോലി പുനരാരംഭിക്കണം. മേഘാലയ മധ്യനിരയുടെ നാഡിത്തുടിപ്പായ റൊണാൾഡ്കിഡോൺ ലിംഗ്‌ദോക്ക് സന്തോഷ് ട്രോഫിയിലെ പ്രകടനത്തിന്റെ ബലത്തിൽ വേണം ഏതെങ്കിലും ക്ലബ്ബുമായി കരാറുണ്ടാക്കാൻ, ഒരു സർക്കാർ ജോലിയിൽ കയറിക്കൂടാൻ. പഞ്ചാബിനെതിരായ സെമിഫൈനലിൽ വിജയ ഗോളടിച്ച ടൂർണമെന്റ് കഴിഞ്ഞാൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലെ ക്ലർക്ക് പണിയിലേക്ക് തിരിച്ചുപോവും.
റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ പന്ത് തട്ടാൻ ലഭിച്ച അവസരം ഈ കളിക്കാർക്കെല്ലാം സൗഭാഗ്യം പോലെയാണ്. ആദ്യമായാണ് മേഘാലയ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലിലെത്തുന്നത്. സന്തോഷ് ട്രോഫി ആദ്യമായി വിദേശ മണ്ണിൽ സംഘടിപ്പിച്ച വർഷം തന്നെയായി എന്നത് അവരുടെ ഭാഗ്യം. ഒരു കളി കൂടി ബാക്കിയുണ്ട്, കർണാടകക്കെതിരെ. 54 വർഷത്തെ കിരീട വരൾച്ചക്ക് അറുതി വരുത്താനാണ് കർണാടക ശ്രമിക്കുന്നത്. എന്നാൽ മേഘാലയയെ ആർക്കും എഴുതിത്തള്ളാനാവില്ല. ബംഗാളിനെയും മണിപ്പൂരിനെയുമൊക്കെ തോൽപിച്ചാണ് അവർ ചരിത്രത്തിലാദ്യമായി സെമിഫൈനലിൽ സ്ഥാനം പിടിച്ചത്. സെമിഫൈനലിലെത്തിയ നാലു ടീമുകളിൽ ഏറ്റവും കരുത്തരായ പഞ്ചാബിനെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ചു.
എല്ലാത്തിനും ഒരു ആദ്യമുണ്ട്. കർണാടകയെ തോൽപിച്ച് ആദ്യമായി സന്തോഷ് ട്രോഫി ചാമ്പ്യന്മാരാവാമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. അവർ മികച്ച ടീമാണെന്നറിയാം, അതു മനസ്സിലാക്കിത്തന്നെയാണ് ഞങ്ങൾ ഒരുങ്ങുന്നത് -ഷീൻ പറഞ്ഞു.
രാജ്യത്തിന്റെ പൊതുധാരയിൽ നിന്ന് മാറിയാണ് വടക്കു കിഴക്കിന്റെ കായിക ചരിത്രം. അവിടെ ഫുട്‌ബോളിനാണ് വളക്കൂറ്. എങ്കിലും ഇതുവരെ മണിപ്പൂരിന്റെയും മിസോറമിന്റെയുമൊക്കെ നിഴലിലായിരുന്നു മേഘാലയ. 2016-17 ലും 2018-19 ലും അവർ യോഗ്യത റൗണ്ട് പിന്നിട്ടിരുന്നു. എന്നാൽ ഫൈനൽ റൗണ്ടിൽ സ്വന്തം ഗ്രൂപ്പിൽ നാലാം സ്ഥാനത്തായിപ്പോയി. രണ്ടു തവണയും ഖലയ്ൻ പിർകാട് സിയേംലിയെ തന്നെയാണ് കോച്ച്.
ഇപ്പോഴത്തെ ടീമിനാണ് കൂടുതൽ വിജയ തൃഷ്ണയെന്ന് സിയേംലിയെ പറയുന്നു. ഇത്തവണ യോഗ്യത റൗണ്ട് ഉണ്ടായിരുന്നില്ല. പ്രാഥമിക റൗണ്ടും ഫൈനൽ റൗണ്ടും സെമിഫൈനലുകളും ഫൈനലുമായിരുന്നു. അതുവഴി കൂടുതൽ ടീമുകൾക്കെതിരെ കൂടുതൽ മത്സരങ്ങൾ കളിക്കാൻ സാധിച്ചത് മേഘാലയക്ക് ഗുണം ചെയ്തുവെന്ന് മേഘാലയ ടീം മാനേജറും മുൻ ഇന്ത്യൻ താരവുമായ യൂജിൻസൻ ലിംഗ്‌ദൊ കരുതുന്നു.
മുമ്പ് ഒരു കളിയിൽ അടിതെറ്റിയാൽ ടീം പുറത്താവും. ഇപ്പോൾ കഴിവ് തെളിയിക്കാൻ ആവശ്യത്തിന് അവസരങ്ങൾ കിട്ടുന്നു. മേഘാലയയിൽ നിന്ന് ഒരുപിടി ഫുട്‌ബോൾ താരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഷില്ലോംഗ് പ്രീമിയർ ലീഗിൽ കളിച്ചുവളർന്നവർ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളിൽ സ്ഥാനം പിടിച്ചത് ഗുണനിലവാരത്തിന്റെ സൂചനയാണ്. ജൂനിയർ തലത്തിലും മികവുറ്റ കളിക്കാരുണ്ട്. എന്തുകൊണ്ടോ സീനിയർ തലത്തിൽ വിജയം അകന്നു നിൽക്കുകയായിരുന്നു -ലിംഗ്‌ദൊ പറഞ്ഞു.
ഷില്ലോംഗ് പ്രീമിയർ ലീഗിൽ ഒരുമിച്ചും എതിരെയും കളിച്ചു വളർന്നതിനാൽ കളിക്കാർ തമ്മിൽ ഉറ്റ സൗഹൃദമുണ്ടെന്ന് ലിംഗ്‌ദൊ പറയുന്നു. ഫുൾമൂണും ബ്രോലിംഗ്ടണും റൊണാൾഡ്കിഡോണും ഷീനും എല്ലാം 2019 ലെ ഷില്ലോംഗ് പ്രീമിയർ ലീഗിൽ റിൻഡി ഫുട്‌ബോൾ ക്ലബ്ബിന്റെ ഭാഗമായിരുന്നു. അണ്ടർ -16 തലം മുതൽ ഈ കളിക്കാർ ഒരുമിച്ചു കളിക്കുന്നുണ്ട്. അതു മാത്രമല്ല അവരുടെ ഇഷ്ടാനിഷ്ടങ്ങൾ പോലും ഏതാണ്ട് ഒരുപോലെയാണ്. ടീമിൽ ബഹുഭൂരിഭാഗവും റൊണാൾഡൊ ആരാധകരാണ്. ഗോളാഘോഷം റൊണാൾഡോയെ അനുകരിച്ചാണ്. മിക്കവരും ഷില്ലോംഗുകാരാണ്, നാലോ അഞ്ചോ പേരൊഴികെ. അതിനാൽ ഓരോ ആളും എങ്ങനെ കളിക്കുമെന്ന് വ്യക്തമായ ബോധ്യമുണ്ട് -ഷീൻ വിശദീകരിച്ചു.
അതേസമയം കർണാടക ഒരു ആധുനിക സംസ്ഥാനത്തിന്റെ ടീം തന്നെയാണ്. മേഘാലയയെ പോലെ നാട്ടുമ്പുറത്തിന്റെ ടീമല്ല അത്. അസമിലെയും കേരളത്തിലെയും പശ്ചിമ ബംഗാളിലെയും കളിക്കാർ അവരുടെ നിരയിലുണ്ട്.
സാമ്പത്തിക സുരക്ഷയാണ് പല കളിക്കാരുടെയും പ്രേരക ശക്തി. സംസ്ഥാനത്തെ ക്ലബ്ബുകളുമായാണ് ഭൂരിഭാഗം പേർക്കും കരാർ. പ്രതിഫലം തുഛമാണ്. സന്തോഷ് ട്രോഫിയിലെ പ്രകടനത്തിലൂടെ ഐ-ലീഗ്, ഐ.എസ്.എൽ ക്ലബ്ബുകളിലേക്കെത്താമെന്ന് അവർ കരുതുന്നു.
മിക്ക ക്ലബ്ബുകളിലും മാസം മുപ്പതിനായിരം രൂപയിൽ താഴെയാണ് പ്രതിഫലം. ഒരു സ്‌പോർട്‌സ്മാനെ സംബന്ധിച്ചിടത്തോളം കായികശേഷി നിലനിർത്താനും കുടുംബം പോറ്റാനുമൊന്നും അത് തികയില്ല -റൊണാൾഡ്കിഡോൺ ചൂണ്ടിക്കാട്ടുന്നു. ഇരുപത്തിനാലുകാരൻ കഴിഞ്ഞ വർഷം ബംഗളൂരു യുനൈറ്റഡ് എഫ്.സിക്ക് കളിച്ചിരുന്നു. പക്ഷേ അവർ കരാർ പുതുക്കിയില്ല. 2015 ൽ റൊണാൾഡ്കിഡോണിന്റെ പിതാവ് മരിച്ചു. അമ്മയുടെയും സഹോദരിയുടെയും അധ്യാപക ജോലി കൊണ്ടാണ് കുടുംബം അന്നം കഴിക്കുന്നത്. റൊണാൾഡ്കിഡോൺ നാലു സെമസ്റ്റർ പിന്നിട്ടപ്പോൾ ബി.എ പഠനം ഉപേക്ഷിച്ചു. ഫുട്‌ബോൾ കരിയറിൽ രക്ഷപ്പെട്ടില്ലെങ്കിൽ മറ്റൊരു വഴിയില്ല.
മേഘാലയയിൽ ഫുട്‌ബോൾ ജനപ്രിയമാണെങ്കിലും കളിക്കാരന് ഒന്നും കിട്ടാറില്ലെന്നും സന്തോഷ് ട്രോഫി നേടിയാൽ ചരിത്രം മാറുമെന്നും റൊണാൾഡ്കിഡോൺ കരുതുന്നു.
ഷീനിന്റെയും ബ്രോലിംഗ്ടണിന്റെയും കുടുംബം കരുതുന്നത് ഫുട്‌ബോൾ കരിയർ കൊണ്ട് അവർക്ക് ജീവിക്കാനാവില്ലെന്നാണ്. ഷീനിന്റെ പിതാവ് പോലീസുകാരനാണ്. അദ്ദേഹത്തിന്റെ വരുമാനം കൊണ്ടാണ് കുടംബം ജീവിക്കുന്നത്. മകനെ നേർവഴിക്ക് നടത്താൻ പിതാവ് പലവുരു ശ്രമിച്ചു. പക്ഷേ മകന്റെ ഫുട്‌ബോൾ ഭ്രാന്ത് മാറ്റാൻ അദ്ദേഹത്തിന് സാധിച്ചില്ല.
ചങ്ങാതിമാരെല്ലാം ബാഡ്മിന്റണോ ക്രിക്കറ്റോ ആണ് കളിക്കാറ്. പക്ഷേ എനിക്ക് താൽപര്യം ഫുട്‌ബോളിലാണ്. ഫുട്‌ബോൾ കളിയിൽ ഭാവിയില്ലെന്ന് അവർ പറയുമ്പോൾ വേദന തോന്നും. അത്രമാത്രം ഈ കളിയെ ഞാൻ ഇഷ്ടപ്പെടുന്നു -ഇരുപത്താറുകാരൻ പറഞ്ഞു.
മൗകിൻറോ എന്ന ഗ്രാമത്തിൽ നിന്ന് ബ്രോലിംഗ്ടണെ മാതാപിതാക്കൾ ഷില്ലോംഗിലേക്ക് അയച്ചത് ഉന്നത പഠനത്തിനാണ്. എന്നാൽ ബി.എസ്‌സി ഒരു വർഷം പിന്നിട്ടപ്പോൾ ബ്രോലിംഗ്ടൺ പഠനം ഉപേക്ഷിച്ചു. മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമക്കൊപ്പം ഫുട്‌ബോളിനെ ഗൗരവമായി എടുത്തു. മുപ്പത്തിനാലുകാരൻ 2012 മുതൽ സന്തോഷ് ട്രോഫി കളിക്കുന്നുണ്ട്. സന്തോഷ് ട്രോഫി കിരീടം ആ ദീർഘ തപസ്യക്ക് ഉചിതമായ അംഗീകാരമായിരിക്കും.
ഞങ്ങളൊക്കെ തുടങ്ങിയ കാലത്ത് മേഘാലയയെ ആരും കാര്യമായെടുത്തിരുന്നില്ല. ഇപ്പോൾ ഞങ്ങൾ കിരീടത്തിനടുത്താണ്. ഈ ഫൈനലോടെ വിരമിക്കുകയാണ്. ഇനി കുടുംബത്തോടൊപ്പം കഴിയണം. എട്ടു വയസ്സുള്ള മകളുണ്ട്. അവൾക്ക് എന്റെ സാന്നിധ്യം ആവശ്യമാണ് -ബ്രോലിംഗ്ടൺ പറഞ്ഞു.
ഒരുപാട് സ്വപ്‌നങ്ങളിൽ നെയ്തുകൂട്ടിയതാണ് മേഘാലയയുടെ സന്തോഷ് ട്രോഫി ദൗത്യം. ശനിയാഴ്ച റിയാദിന്റെ മണ്ണിൽ ആ യജ്ഞം സഫലമാവുമെന്നാണ് കളിക്കാരുടെ ആഗ്രഹം.