കണ്ണൂർ-കണ്ണൂർ വിമാനത്താവളത്തിൽ വൻ കറൻസി സ്വർണ്ണ വേട്ട. ഗൾഫിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടിയിലേറെ രൂപയുടെ സ്വർണ്ണവും, ഗൾഫിലേക്ക് പോകാനെത്തിയ ആളിൽ നിന്നും 15 ലക്ഷത്തിന്റെ വിദേശ കറൻസിയുമാണ് പിടിച്ചെടുത്തത്. അബുദാബിയിൽ നിന്നും എത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി സഹീറിൽ നിന്നും 51,30,930 രൂപ വിലമതിക്കുന്ന 922 ഗ്രാം സ്വർണവും, റിയാദിൽ നിന്നെത്തിയ കൂട്ടുപുഴ സ്വദേശി ഫസൽ ചെട്ടിയാംതൊടിയിൽ നിന്നും 52 ലക്ഷം രൂപയുടെ 937 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. കോഴിക്കോട് കല്ലാച്ചി സ്വദേശി സഹീറിൽ നിന്നാണ് അരക്കോടിയുടെ സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളികകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
ഡി.ആർ.ഐ കണ്ണൂർ യൂണിറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ സഹീറിൽ നിന്നു സ്വർണം കണ്ടെടുത്തത്.
പിടികൂടുമ്പോൾ 1069 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 922 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 51,30,930 രൂപ വരും. ഡെപ്യൂട്ടി കമ്മീഷണർ സി.വി.ജയാകാന്ത്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ഗീതാ കുമാരി എന്നിവരുടെ നേതൃത്വത്തിലുള്ള
സംഘമാണ് സ്വർണം പിടികൂടിയത്. കണ്ണൂരിൽനിന്ന് ദുബായിലേക്ക് എയർ ഇന്ത്യ എക്‌സ്!പ്രസ് വിമാനത്തിൽ പോകാനെത്തിയ കണ്ണൂർ സ്വദേശി അബ്ദുൾ ജബ്ബാറിൽ നിന്നാണ് 14,61,550 രൂപയുടെ വിദേശ കറൻസി പിടികൂടിയത്. സി.ഐ.എസ്.എഫ് നടത്തിയ ലഗേജ് പരിശോധനക്കിടെയാണ് 15,000 സൗദി റിയാലും 13,000 യൂറോയും കണ്ടെടുത്തത്. യാത്രക്കാരനെ തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറി. 5000 ഡോളർ വരെയുള്ള വിദേശ കറൻസിയാണ് ഒരു യാത്രക്കാരന് കൊണ്ടുപോകാൻ അനുമതിയുള്ളത്.