കൊച്ചി - കൊച്ചിയിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവിയും. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി കൂട്ടുന്നതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. മാലിന്യക്കൂനയിലെ തീ കത്തിപ്പടരുകയാണ്. രണ്ടുദിവസമായി തുടരുന്ന തീയും പുകയും ഇനിയും നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ഇതിനായി, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുഖേന ജില്ലാ ഭരണകൂടം വ്യോമസേനയുമായി ചർച്ച നടത്തിയതായാണ് വിവരം.
അഗ്‌നിരക്ഷാ സേനയ്‌ക്കൊപ്പം നാവിക സേനയുടെയും ബി.പി.സി.എല്ലിന്റെയും അടക്കം 25 യൂണിറ്റുകൾ തീ അണയ്ക്കാൻ ബ്രഹ്മപുരത്തുണ്ട്. ഇതിനു പുറമെയാണ് നാവിക സേന എ.എൽ.എച്ച്, സീ കിംഗ് ഹെലികോപ്റ്ററുകളിലെത്തി വെള്ളം തളിയ്ക്കുന്നത്. 600 ലിറ്റർ വെള്ളമാണ് ഒറ്റത്തവണ ആകാശത്ത് നിന്ന് ഒഴിയ്ക്കുന്നത്.
ഇന്നലെ പകൽ കെടുത്തിയ തീ രാത്രി മാലിന്യക്കൂമ്പാരത്തിൽ വീണ്ടും ആളിപ്പടരുകയായിരുന്നു. ഇതോടെ കൊച്ചി നഗരം വീണ്ടും കടുത്ത പുകയിലമർന്നു. വൈറ്റില മുതൽ തേവര വരെയുള്ള മേഖലകളിലാണ് കൂടുതൽ പുകശല്യമുള്ളത്. തീയുടെ ശക്തി കുറഞ്ഞെങ്കിലും പുകശല്യം തുടരുകയാണ്. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ വളരെ ഗൗരവമായാണ് ആരോഗ്യ വകുപ്പ് കാണുന്നത്. സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര തുടർ നടപടികൾക്കായി ഇന്ന് ഉച്ചയ്ക്കു ശേഷം ജില്ലാ കലക്ടർ രേണു രാജ് പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.
അതിനിടെ, നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചതും വലിയ പ്രശ്‌നമാകുന്നുണ്ട്. ബ്രഹ്മപുരത്തേക്ക് മാലിന്യവണ്ടികൾ അയയ്ക്കാനാകാത്തതിനാൽ നഗരത്തിലെ വിവിധ വീടുകളിലും ഫ്‌ളാറ്റുകളിലും മറ്റുമുള്ള മാലിന്യ നീക്കം തടസ്സപ്പെട്ട് ചീഞ്ഞ് നാറുകയാണ്.