മുംബൈ- മഹാരാഷ്ട്രയില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ആറ് കഫ് സിറപ്പ് നിര്‍മ്മാതാക്കളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബി.ജെ.പി എം.എല്‍.എ ആശിഷ് ഷെലാര്‍ ഉള്‍പ്പടെയുള്ളവരുടെ നോട്ടീസിന് മറുപടി പറയവെയാണ് ഭക്ഷ്യ മന്ത്രി സഞ്ജയ് റാത്തോഡ് ഇക്കാര്യം നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.
108 കഫ് സിറപ്പ് നിര്‍മ്മാതാക്കളില്‍ 84 പേര്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതായി റാത്തോഡ് പറഞ്ഞു. ഇതില്‍ നാലെണ്ണത്തിന് ഉല്‍പാദനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ആറ് കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ചട്ടങ്ങള്‍ ലംഘിച്ചതിന് 17 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ സര്‍ട്ടിഫിക്കറ്റും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ വിശദീകരിച്ചു. സംസ്ഥാനത്തെ 996 അലോപ്പതി മരുന്ന് നിര്‍മ്മാതാക്കളില്‍ 514 എണ്ണം തങ്ങളുടെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് റാത്തോഡ് കൂട്ടിച്ചേര്‍ത്തു.