അലഹബാദ്- ഗോഹത്യ നടത്തുന്നവരും അതിന് ഒത്താശ ചെയ്യുന്നവരും നരകത്തിൽ ചീഞ്ഞളിയുമെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റീസ് ഷമീം മുഹമ്മദ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. പശുക്കളെ കൊന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അബ്ദുൽ ഖാലിക് എന്നയാൾ സമർപ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം.
ഇന്ത്യയിൽ ഗോഹത്യ നിരോധിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്നും ഷമീം മുഹമ്മദ് ആവശ്യപ്പെട്ടു. പശുക്കളെ ദേശീയ സംരക്ഷിത മൃഗമാക്കണം. ഇന്ത്യ മതേതര രാജ്യമാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കണം. ഹിന്ദു മതത്തിൽ പശുവിന് ദൈവീകതയുണ്ട്. പ്രകൃതിയുടെ ദാനശീലത്തെയാണ് പശു പ്രതിനിധീകരിക്കുന്നത്. അതിനാൽ പശുക്കൽ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം.
പശുവിനെ ബഹുമാനിക്കുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹിന്ദു മതത്തിൽ ഏറ്റവും വിശുദ്ധമായ മൃഗം പശുവാണ്. കാമധേനു എന്നറിയപ്പെടുന്ന പശു എല്ലാ ആഗ്രഹങ്ങളും സഫലമാക്കുമെന്നും വിധി പ്രസ്താവത്തിൽ പറയുന്നു.
ഹിന്ദുമതത്തിലെ വിശ്വാസങ്ങളെ പരാമർശിച്ചുകൊണ്ട്, ബ്രഹ്‌മാവ് പുരോഹിതന്മാർക്കും പശുക്കൾക്കും ഒരേ സമയം ജീവൻ നൽകിയെന്നും വിധിയിൽ പറയുന്നു. അതിനാൽ പുരോഹിതന്മാർക്ക് മതഗ്രന്ഥങ്ങൾ പാരായണം ചെയ്യാമെന്നും പശുക്കൾക്ക് നെയ്യ് (വെണ്ണ) ആചാരങ്ങളിൽ വഴിപാടായി നൽകാമെന്നും കോടതി കൂട്ടിച്ചേർത്തു.
പശുവിന്റെ കാലുകൾ നാല് വേദങ്ങളുടെ പ്രതീകമാണ്. അവളുടെ പാലിന്റെ ഉറവിടം നാല് പുരുഷാർത്ഥമാണ് (ധർമ്മം, സമ്പത്ത്, കാമം, മോക്ഷം എന്നിങ്ങനെ). പശുവിന്റെ കൊമ്പുകൾ ദേവന്മാരെയും അവളുടെ മുഖം സൂര്യനെയും ചന്ദ്രനെയും അവളുടെ തോളുകൾ അഗ്‌നി അല്ലെങ്കിൽ അഗ്‌നിദേവനെയും പ്രതീകപ്പെടുത്തുന്നു. നന്ദ, സുനന്ദ, സുരഭി, സുശീല, സുമന എന്നീ പേരുകളിലും പശു പരാമർശിക്കപ്പെടുന്നു.
പശു ജീവിതകാലം മുഴുവൻ മനുഷ്യർക്ക് പാൽ നൽകി വാടക അമ്മയായി പ്രവർത്തിക്കുമെന്ന് മഹാഭാരതത്തെ പരാമർശിച്ച് വിധിയിലുണ്ട്. അതിനാൽ പശു യഥാർത്ഥത്തിൽ ലോകത്തിന്റെ മാതാവാണ്. പശുവിനെ ദാനം ചെയ്യുന്നതിനേക്കാൾ മതപരമായ മറ്റൊന്നും ഇല്ലെന്ന് പുരാണങ്ങൾ പറയുന്നുണ്ടെന്നും ശ്രീരാമന് നിരവധി പശുക്കളെ സമ്മാനമായി നൽകിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.