ബെംഗളൂരു - സൗന്ദര്യം ഇഷ്ടപ്പെടാത്തവരായി ആരുമില്ല. വിശേഷ സമയങ്ങളിൽ ഇക്കാര്യം ഏറെ ശ്രദ്ധിക്കുകയും ചെയ്യും. വിവാഹദിനത്തിൽ പ്രത്യേകിച്ചും. എന്നാൽ വിവാഹദിനത്തിൽ കൂടുതൽ സുന്ദരിയാവാൻ ബ്യൂട്ടീഷന്റെ സഹായം തേടിയ യുവതിക്കിപ്പോൾ ഇരട്ട തിരിച്ചടിയാണുണ്ടായത്.
യുവതിയുടെ ഉള്ള സൗന്ദര്യം നഷ്ടമായി മുഖം കറുത്തിരുണ്ട് വീർത്ത് ആശുപത്രിയിലായതിനു പുറമെ, മുഖം കറുത്തതിനാൽ വരൻ വിവാഹത്തിൽനിന്ന് പിന്മാറാനും ഇത് കാരണമായിരിക്കുകയാണ്. കർണാടകയിലെ ഹസൻ ജില്ലയിലെ അരസിക്കര ഗ്രാമത്തിലാണ് സംഭവം.
കൂടുതൽ സുന്ദരിയാവാൻ ബ്യൂട്ടി പാർല്ലറിലെത്തിയ വധുവിന്റെ മുഖം കറുത്ത നിറമായി വികൃതമായതാണ് വിവാഹം മുടങ്ങാൻ കാരണമായി പറയുന്നത്. പുതിയ മേക്കപ്പ് പരീക്ഷിച്ചതാണ് വധുവിനും ബ്യൂട്ടി പാർല്ലർ ഉടമയ്ക്കും വിനയായത്. പുതിയ മേക്കപ്പ് പരീക്ഷിക്കാൻ ബ്യൂട്ടീഷ്യൻ നിർദേശിച്ചുവെന്നാണ് യുവതി പറയുന്നത്. യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യൻ ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളുകയും നീര് വയ്ക്കുകയുമായിരുന്നു. പിന്നാലെ മുഖം കറുത്ത് പോയെന്നും യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും ബ്യൂട്ടീഷന്റെ അശ്രദ്ധയാണ് കാരണമെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ബ്യൂട്ടിപാർലറിനെതിരെ കേസ് നൽകിയതായും കുടുംബം പ്രതികരിച്ചു. ഗംഗാശ്രീ ഹെർബൽ ബ്യൂട്ടി പാർലർ ആൻഡ് സ്പായുടെ ഉടമ ഗംഗയെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.