മോസ്‌കോ-റഷ്യ തുടങ്ങിവെച്ച് ഉക്രൈന്‍ അധിനിവേശം ഇപ്പോഴെങ്ങാനും തീരുമോയെന്നാണ് ലോക ജനതയുടെ ആശങ്ക. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിന് ആ വക ബേജാറൊന്നുമില്ലെന്നാണ് വ്യക്തമാവുന്നത്. പ്രസിഡന്റ് പുട്ടിന്‍ രഹസ്യകാമുകിക്കൊപ്പം കൊടുംകാട്ടിലെ കൊട്ടാരത്തില്‍ സുഖവാസത്തിലെന്നാണ് റിപ്പോര്‍ട്ട്. മോസ്‌കോയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ആഡംബര കൊട്ടാരത്തിലാണ് ലോകത്തെ തന്നെ അതിശക്തരായ ഭരണാധികാരികളില്‍ ഒരാളായ പുട്ടിന്‍ രഹസ്യമായി താമസിക്കുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ്, എംഎസ്എന്‍, ടൈംസ് നൗ തുടങ്ങിയ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
25 മീറ്റര്‍ നീളമുള്ള സ്വിമ്മിംഗ് പൂള്‍, ടര്‍ക്കിഷ് ബാത്തായ ഹമ്മാം, മാസാജ് സെന്ററുകള്‍ തുടങ്ങി ലോകത്തുള്ള എല്ലാ സുഖ സൗകര്യങ്ങളും ഈ കൊട്ടാരത്തില്‍ ഒരുക്കിയിട്ടുണ്ട്. ഈ ആഡംബര കൊട്ടാരത്തില്‍ കുട്ടികള്‍ക്ക് പ്രത്യേകം കളിസ്ഥലങ്ങളുണ്ട്. ജിംനാസ്റ്റും ഒളിമ്പിക് റിഥമിക് ചാമ്പ്യനുമായ അലീന കബേവയാണ് പുട്ടിന്റെ കാമുകി. അലീനയുമായി പുട്ടിന്റെ ബന്ധത്തെ കുറിച്ച് വളരെക്കാലമായി നിറംപിടിപ്പിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
റഷ്യന്‍ അന്വേഷണ വാര്‍ത്താ സൈറ്റായ ദി പ്രോജക്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടിലാണ് പുട്ടിന്‍ രഹസ്യാമായി കാമുകിയുമായി താമസത്തിലാണെന്ന വിവരം ആദ്യം പുറത്തുവന്നത്. മോസ്‌കോയിലെ വാല്‍ഡായി തടാകത്തിന് അഭിമുഖമായുള്ള കൊട്ടാരം പുടിന്‍ സ്‌ളഷ് ഫണ്ട് വഴിയാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. 2020ല്‍ നിര്‍മ്മാണം ആരംഭിച്ച കൊട്ടാരം രണ്ട് വര്‍ഷം കൊണ്ടാണ് പണി തീര്‍ത്തത്. റഷ്യന്‍ ഡാച്ചയുടെ ശൈലിയില്‍ മരം കൊണ്ട് നിര്‍മ്മിച്ച ഈ കൊട്ടാരം ഏകദേശം 13,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
2021ലാണ് ഈ കൊട്ടാരവുമായി ബന്ധപ്പെട്ട ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഈ കൊട്ടാരം നിര്‍മ്മിക്കാന്‍ വേണ്ടി ബജറ്റ് ഫണ്ട് ഉപയോഗിച്ചുവെന്ന് അവകാശപ്പെട്ട് ജയിലില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ സംഘം രംഗത്തെത്തിയിരുന്നു. അതേസമയം, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ക്രെംലിനും അലീന കബേവയും നിഷേധിച്ചു. തനിക്ക് പുട്ടിനുമായി ബന്ധമില്ലെന്നാണ് അലീന പറയുന്നത് 2014 ല്‍ റഷ്യയുടെ നാഷണല്‍ മീഡിയ ഗ്രൂപ്പിനെ നയിക്കാന്‍ അലീന കബേവയെ വ്‌ളാഡിമിര്‍ പുട്ടിന്‍ നിയമിച്ചിരുന്നു. ഏകദേശം 8.6 പൗണ്ട് വാര്‍ഷിക ശമ്പളത്തിലായിരുന്നു നിയമനം.
പുട്ടിനെയും കാമുകിയുടെ മക്കളെയും മാളികയുടെ പരിസരത്ത് പലപ്പോഴും കാണാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അലീന കബേവയുടെ ഏതാനും സ്ത്രീ ബന്ധുക്കളെയും ഇവിടെ കണ്ടിരുന്നതായി. കൊട്ടാരത്തില്‍ നിന്നുള്ള ചില ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു ഗ്ലാസ് ടേബിളിന് ചുറ്റും ക്രമീകരിച്ചിരിക്കുന്ന സ്വര്‍ണ്ണ കസേരകളും ഗോളാകൃതിയിലുള്ള ഒരു ചാന്‍ഡിലിയറും ചിത്രങ്ങളിലുണ്ട്.