Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യെമന് സൗദി അറേബ്യയുടെ വക 30 ആംബുലൻസുകൾ

യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാമും സൗദി റെഡ് ക്രസന്റും ചേർന്ന് യെമന് കൈമാറിയ ആംബുലൻസുകൾ. 

റിയാദ് - ഏറ്റവും ഉയർന്ന മാനദണ്ഡങ്ങളോടെ സജ്ജീകരിച്ച 30 ആംബുലൻസുകൾ യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാമും സൗദി റെഡ് ക്രസന്റും ചേർന്ന് യെമന് കൈമാറി. യെമനിലെ മാരിബ്, ഏദൻ, ശബ്‌വ, ഹദർമൗത്ത്, അൽമഹ്‌റ, തഇസ് എന്നീ ആറു ഗവർണറേറ്റുകളിലെ ആശുപത്രികളുടെയും മെഡിക്കൽ സെന്ററുകളുടെയും ശേഷികൾ ഉയർത്താൻ ശ്രമിച്ചാണ് 30 ആംബുലൻസുകൾ കൈമാറിയത്. 
യെമൻ വികസന, പുനർനിർമാണ സൗദി പ്രോഗ്രാം യെമനിലെ ആരോഗ്യ മേഖലക്ക് വലിയ ശ്രദ്ധ നൽകുന്നു. യെമനിലെ ആരോഗ്യ മേഖലയിൽ സൗദി പ്രോഗ്രാം 31 പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ നൽകി 17 മെഡിക്കൽ സെന്ററുകളെ സൗദി പ്രോഗ്രാം പിന്തുണക്കുകയും ചെയ്തു. അൽമഹ്‌റയിൽ കിംഗ് സൽമാൻ മെഡിക്കൽ, വിദ്യാഭ്യാസ സിറ്റി നിർമാണമാണ് യെമനിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സൗദി പ്രോഗ്രാം നടപ്പാക്കുന്ന പദ്ധതികളിൽ ഏറ്റവും പ്രധാനം. 110 കിടക്കശേഷിയിൽ ഇന്റഗ്രേറ്റഡ് ടീച്ചിംഗ് ഹോസ്പിറ്റലാണ് നിർമിക്കുന്നത്. പത്തു ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്രദേശത്ത് നിർമിക്കുന്ന കിംഗ് സൽമാൻ മെഡിക്കൽ, വിദ്യാഭ്യാസ സിറ്റി അൽമഹ്‌റയിലെയും സമീപ ഗവർണറേറ്റുകളിലെയും ആരോഗ്യ മേഖലാ ആവശ്യങ്ങൾ നിറവേറ്റും. 


ഏദൻ ജനറൽ ആശുപത്രി നടത്തിപ്പും സൗദി പ്രോഗ്രാം നടപ്പാക്കുന്ന മറ്റൊരു പ്രധാന പദ്ധതിയാണ്. ഏദൻ ആശുപത്രി പ്രയോജനം പ്രതിവർഷം 4,38,000 ഓളം പേർക്ക് ലഭിക്കും. പതിനാലു ക്ലിനിക്കുകൾ അടങ്ങിയ ആശുപത്രി മുഴുവൻ രോഗികൾക്കും സൗജന്യ സേവനമാണ് നൽകുന്നത്. 20,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമിച്ച ഏദൻ ജനറൽ ആശുപത്രിയിൽ 270 കിടക്കകളും 2,187 മെഡിക്കൽ ഉപകരണങ്ങളുമുണ്ട്. സൗദി പ്രോഗ്രാം നേരത്തെയും മാരിബ്, ഹദർമൗത്ത്, ഹജ്ജ, അൽജൗഫ്, സുഖത്ര ഗവർണറേറ്റുകളിലെ ആശുപത്രികൾക്ക് ആംബുലൻസുകൾ സൗജന്യമായി നൽകിയിരുന്നു. 
യെമനിലെ വിവിധ പ്രവിശ്യകളിൽ വ്യത്യസ്ത മേഖലകളിൽ സൗദി പ്രോഗ്രാം 224 വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, ഊർജ, ജല, ഗതാഗത, കാർഷിക, മത്സ്യവിഭവ മേഖലകളിലും സർക്കാർ സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കൽ മേഖലയിലുമാണ് വികസന പദ്ധതികൾ നടപ്പാക്കിയത്.

Latest News