Sorry, you need to enable JavaScript to visit this website.

സൗദിയിൽ റമദാനിൽ നമസ്‌കാരത്തിന് ലൗഡ് സ്പീക്കർ അനുവദിക്കില്ല-മന്ത്രി

വിദേശികൾക്ക് ഇഅ്തികാഫിന് സ്‌പോൺസറുടെ സമ്മതം വേണം.

റിയാദ്- റമദാൻ മാസത്തിൽ പളളികളിൽ നമസ്‌കാരത്തിന് ലൗഡ് സ്പീക്കർ അനുവദിക്കില്ലെന്ന് സൗദി ഇസ്്‌ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു. ബാങ്കിനും ഇഖാമത്തിനും മാത്രം ലൗഡ് സ്പീക്കർ ഉപയോഗിക്കാം. പള്ളികളിൽ ലൗഡ് സ്പീക്കറിന്റെ മുന്നിലൊന്ന് ഡിഗ്രി മാത്രമേ ഉപയോഗിക്കാവൂവെന്നും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 
റമദാനിനെ സ്വീകരിക്കാൻ പള്ളികൾ സജ്ജമാക്കണം. സ്ത്രീകളുടെ നമസ്‌കാര സ്ഥലങ്ങൾ അടക്കം വൃത്തിയാക്കണം. ബാങ്ക്, ഇഖാമത്തിന്റെ ചുമതലയിലുള്ളവർ റമദാനിൽ കൃത്യസമയത്ത് ഹാജറാകണം. ഇല്ലെങ്കിൽ മന്ത്രാലയത്തിന്റെ സൈറ്റ് വഴി ആരെയെങ്കിലും പകരം ഏൽപ്പിക്കണം. ഉമ്മുൽ ഖുറാ കലണ്ടറാണ് പിന്തുടരേണ്ടത്. ഇശാ ബാങ്ക് കൃത്യസമയത്ത് നിർവഹിക്കണം. തറാവീഹ് നിസ്‌കാരത്തിന് ജനങ്ങളുടെ അവസ്ഥ പരിഗണിക്കണം. ബാങ്കിന് ശേഷം നിശ്ചിത സമയത്ത് ഇഖാമത്ത് കൊടുക്കണം. ഫജർ നിസ്‌കാരത്തിനും തഹജ്ജുദ് നമസ്‌കാരത്തിനുമിടയിൽ ഇടവേള നൽകണം. തറാവീഹ് നമസ്‌കാരത്തിലെ ഖുനൂത്തിൽ പ്രവാചക ചര്യ പാലിക്കണം. നീട്ടിവലിക്കരുത്. 
പള്ളികളിൽ കാമറ സ്ഥാപിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണം. ഇമാമിനെയും നമസ്‌കരിക്കുന്നവരെയും നമസ്‌കാര സമയത്ത് കാമറകളിൽ പകർത്തരുത്. മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്യുകയുമരുത്. പള്ളിയിൽ ഇഅ്തികാഫിന് അനുമതി നൽകേണ്ടത് ഇമാമാണ്. വിദേശികൾക്ക് ഇഅ്തികാഫ് ഇരിക്കാൻ സ്‌പോൺസറുടെ സമ്മതം വേണം. കുട്ടികളുമായി ഇഅ്തികാഫിന് പള്ളിയിൽ വരരുത്. അത് മറ്റുള്ളവർക്ക് പ്രയാസമാകും.
നോമ്പ് തുറ പദ്ധതിക്ക് സംഭാവന സ്വീകരിക്കരുത്. പള്ളിയിൽ തയ്യാറാക്കിയ പ്രത്യേക സ്ഥലത്താണ് ഇഫ്താർ നടത്തേണ്ടത്. ഇമാമും ബാങ്ക് വിളിക്കുന്നവരുമാണ് ഇതിന്റെ ചുമതലക്കാർ. ഇഫ്താർ കഴിഞ്ഞാൽ ഉടൻ വൃത്തിയാക്കാൻ ആളുകളെ ചുമതലപ്പെടുത്തണം. ഇഫ്താറിനായി പ്രത്യേക ടെന്റുകളോ താത്കാലിക റൂമുകളോ ഒരുക്കരുത്. മന്ത്രി അറിയിച്ചു.
 

Latest News