ചെന്നൈ- വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തി വന്ന പ്രമുഖ തമിഴ് നടി സംഗീതാ ബാലനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സംഘത്തില്‍പ്പെട്ട യുവതികളെ ചെന്നൈയ്ക്കടുത്ത പണയൂരിലെ ഒരു റിസോട്ടില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തി പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. സംഗീതയുടെ പങ്കാളി സതീഷും അറസ്റ്റിലായിട്ടുണ്ട്. സിനിമകളിലും ടിവി ഷോകളിലും അവസരം വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടികളേയും യുവതികളേയും സംഗീത വലയിലാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇസിആര്‍ റോഡിലെ റിസോര്‍ട്ടില്‍ മിന്നല്‍ പരിശോധന നടത്തിയത്. ഇവിടെ വേശ്യാവൃത്തിയിലേര്‍പ്പെട്ട നാലു യുവതികളെ പിടികൂടിയതായി ഇന്‍സ്‌പെകടര്‍ മഹാലക്ഷ്മി പറഞ്ഞു. വന്‍തുക പ്രതിഫലവും സിനിമയില്‍ അവസരവും വാഗ്ദാനം നല്‍കിയാണ് തങ്ങളെ വേശ്യാവൃത്തിക്ക് സംഗീത പ്രേരിപ്പിച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. സിനിമാ സീരിയല്‍ രംഗത്ത് ജൂനിയര്‍ ആര്‍ടിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായ യുവതികള്‍.