ഗ്വാട്ടിമാല സിറ്റി- ഫ്യൂഗോ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ഗ്വാട്ടിമാലയില്‍ 25 പേര്‍ കൊല്ലപ്പെട്ടു. കടുത്ത ചാരം അന്തരീക്ഷത്തില്‍ നിറഞ്ഞതിനെ തുടര്‍ന്ന് വിമാനത്താവളവും അടച്ചിരിക്കുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെളിച്ചക്കുറവ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച തിരച്ചില്‍ ഇന്നു പുനരാംഭിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഫ്യൂഗോ അഗ്നി പര്‍വതത്തിനു സമീപമുള്ള മരങ്ങളും കൃഷിയിടങ്ങളും കുത്തിയൊഴുകിയ ലാവയില്‍ വെന്തുരുകി. നിരവധി കര്‍ഷകര്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. മരിച്ചവരിലേറെയും കര്‍ഷകരാണെന്നാണ് റിപ്പോര്‍ട്ട്. മുവ്വായിരത്തോളം പേരെ സമീപ പ്രദേശങ്ങളില്‍ നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.
വിമാനത്താവളത്തിലെ റണ്‍വേയില്‍ അടിഞ്ഞു കൂടിയ ചാരം നീക്കം ചെയ്ത് വ്യോമഗതാഗതം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നു വരുന്നു. ഈ വര്‍ഷം ഗ്വാട്ടിമാലയില്‍ ഉണ്ടായ രണ്ടാമത്തെ അഗ്നി പര്‍വത സ്‌ഫോടനമാണിത്. ഫെബ്രുവരിയിലുണ്ടായ അഗ്നിപര്‍വത വിസ്‌ഫോടനത്തില്‍ 1.7 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് കടുത്ത ചാരം വീശിയടിച്ചത്. സജീവമായി നില്‍ക്കുന്ന രണ്ട് അഗ്നി പര്‍വതങ്ങള്‍ കൂടി ഗ്വാട്ടിമാലയില്‍ ഉണ്ട്.