Sorry, you need to enable JavaScript to visit this website.

സ്ത്രീധന പീഡനം: അഞ്ചു മാസം ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച് തൊഴുത്തില്‍ കെട്ടിയിട്ടു

നോയ്ഡ- കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ കയ്യും കാലും കെട്ടി കാലിത്തൊഴുത്തില്‍ ബന്ധിച്ച ഗര്‍ഭിണിയായ യുവതിയെ പോലീസ് രക്ഷപ്പെടുത്തി. കൂടുതല്‍ പണം നല്‍കാന്‍ യുവതിയുടെ വീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു ഈ ക്രൂരകൃത്യം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളേയും സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മുങ്ങിയിരിക്കുകയാണ്. നോയ്ഡയിലെ ഛലേര ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. രാത്രി എട്ടു മണിയോടെയാണ് തൊഴുത്തില്‍ യുവതിയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

യുവതിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ നടത്തിയത്. ഭര്‍തൃവീടിനോട് ചേര്‍ന്നുള്ള പറമ്പിലെ തൊഴുത്തിലായിരുന്നു അഞ്ചു മാസം ഗര്‍ഭിണിയായ യുവതിയെ കെട്ടിയിട്ടിരുന്നതെന്ന് നോയ്ഡ സെക്ടര്‍ 39 പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍ കുമാര്‍ സാഹി പറഞ്ഞു. യുവതിയെ പോലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

2017 ഡിസംബറിലാണ് യുവതിയുടെ വിവാഹം നടന്നത്. സ്ത്രീധനമായി യുവതിയുടെ പിതാവ് 15.5 ലക്ഷം രൂപയും റെഫ്രിജറേറ്റവും വാഷിങ്‌മെഷീനും ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടതോടെ സ്്ത്രീധന പീഡനം ആരംഭിച്ചതായും യുവതിയുടെ പിതാവ് ആരോപിച്ചു. ടൊയോട്ട ഫോര്‍ച്യൂണര്‍ എസ് യു വി വാങ്ങാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ 20 ലക്ഷം രൂപ കൂടി നല്‍കിയിരുന്നെന്നും യുവതിയുടെ പിതാവ് പറയുന്നു. പിന്നീട് റെഫ്രിജറേറ്റര്‍ ചെറുതായി എന്ന പരാതിപ്പെട്ട് അത് തിരികെ നല്‍കിയപ്പോള്‍ വലിയ റെഫ്രിജറേറ്റര്‍ വാങ്ങി നല്‍കിയിരുന്നതായും എങ്കിലും പീഡനം തുടര്‍ന്നെന്നും പിതാവ് പോലീസിനോട് പറഞ്ഞു. 


 

Latest News