ന്യൂദൽഹി-ഹത്രാസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികൾ നിരപരാധികളായി പുറത്തിറങ്ങിയെങ്കിലും പെൺകുട്ടിയുടെ വീട്ടുകാർ ഇപ്പോഴും ജീവിക്കുന്നത് നരകസമാന അവസ്ഥയിൽ. തടവറയ്ക്കു തുല്യമായ അവസ്ഥയിലാണ് കുടുംബം കഴിയുന്നത്. അലിഗഡ് ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന പ്രതികൾ പുറത്തിറങ്ങി. രാമു, ലവകുഷ്, രവി എന്നിവരാണ് പുറത്തിറങ്ങിയത്. പ്രതിചേർക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും പുറത്തിറങ്ങിയപ്പോഴും പെൺകുട്ടിയുടെ കുടുംബം മുപ്പതിലേറെ സുരക്ഷാഭടൻമാരുടെ കാവലിൽ ഒന്നു തിരിയാൻ പോലുമാകാതെയാണ് കഴിയുന്നത്. കണ്ണീർവാതക ഷെൽ ലോഞ്ചറുകളും റൈഫിളുകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്കുള്ള ഉപകരണങ്ങളും സിസിടിവികളുമെല്ലാം അവരുടെ വീടിന് പുറത്ത് ക്രമീകരിച്ചിട്ടുണ്ട്.
കേസിലെ തെളിവുകൾ എല്ലാ പ്രതികളെയും ശിക്ഷിക്കാൻ സഹായിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അത് സാധിച്ചില്ല. എല്ലാം അവസാനിപ്പിച്ച് നാട് തന്നെ വിടാൻ പല തവണ ആലോചിച്ചതാണെന്നാണ്് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ കഴിഞ്ഞ ദിവസം പറഞ്ഞത് . ജയിൽ വാസത്തിന് സമാനമായ സുരക്ഷയാണ് ഇപ്പോൾ കുടുംബത്തിന് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇത് ശ്വാസം മുട്ടിക്കുകയാണെന്നും സഹോദരൻ പറഞ്ഞു.
2020 സെപ്തംബർ 14 നാണ് ഹത്രാസിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പിന്നീട് വീട്ടുകാർ പെൺകുട്ടിയെ കണ്ടെത്തി അലിഗഡിലെ ആശുപത്രിയിലേയ്ക്കും പിന്നീട് ഡൽഹിയിലേയ്ക്കും കൊണ്ടുപോയെങ്കിലും സഫ്ദർജംഗ് ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. അതിന് ശേഷം യുപി പോലീസും ഉദ്യോഗസ്ഥരും മൃതദേഹം ധൃതിയിൽ ആംബുലൻസിൽ കൊണ്ടുപോയി അപ്പോൾ തന്നെ സംസ്‌കരിക്കുകയും ചെയ്തു.
അതിഥികൾക്കൊന്നും ഇപ്പോൾ പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വീട്ടിലേയ്ക്ക് പ്രവേശിക്കുന്നതിന് മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥരിൽ നിന്ന് മുൻകൂറായി അനുമതി വാങ്ങുകയും മതിയായ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുകയും വേണം. ഇതെല്ലാം ഉണ്ടെങ്കിൽ മാത്രമേ ഇവർക്ക് വീട്ടിലേയ്ക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു.
മാത്രമല്ല, കുടുംബത്തിലെ മറ്റ് മൂന്ന് പെൺകുട്ടികൾ 2020 ന് ശേഷം സ്‌കൂളിൽ പോയിട്ടില്ലെന്നും അവരുടെ പിതാവ് പറയുന്നു. കുട്ടികൾക്ക് ഒന്ന് പുറത്ത് പോയി കളിക്കാനോ മറ്റുള്ളവരായി ഒന്ന് ഇടപഴകാൻ പോലും സാധിക്കുന്നില്ല. പച്ചക്കറി വാങ്ങാൻ പോലും വൻ സുരക്ഷാ ക്രമീകരണത്തോടെയും ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലുമാണ് പോകുന്നത്. കുറ്റാരോപിതരായവരുടെ കുടുംബാഗങ്ങളിൽ നിന്ന് പരസ്യമായി ഭീഷണിയും നേരിടുന്നുണ്ടെന്നും ഇവർ പറയുന്നു.
ഒരു തരത്തിലുള്ള ഉപജീവന മാർഗ്ഗവും ഇപ്പോൾ കുടുംബത്തിന് ഇല്ല. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് കുടുംബത്തിന് ലഭിച്ച നഷ്ടപരിഹാര തുക 25 ലക്ഷം രൂപ കൊണ്ടാണ് ഇപ്പോൾ കുടുംബം ജീവിക്കുന്നത്. ഉത്തർപ്രദേശ് സർക്കാർ കുടുംബത്തിലെ പുരുഷന്മാർക്ക് സർക്കാർ ജോലി നൽകുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ അതൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകയായ സീമ കുശ്വാഹ പറഞ്ഞു.