സോള്‍- ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തുന്നതിന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് പ്യോങ്യാങിലെത്തുമെന്ന് റിപ്പോര്‍ട്ട്. കൂടിക്കാഴ്ച നടന്നാല്‍ ഉത്തര കൊറിയയിലെത്തുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാകും അസദ്.
ഉത്തര കൊറിയ സന്ദര്‍ശിക്കുമെന്നും കിം ജോങ് ഉന്നുമായി കൂടിക്കാഴച നടത്തുമെന്നും അസദ് പറഞ്ഞതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ ഉന്നുമായുളള ചരിത്രപരമായ കൂടിക്കാഴച അടുത്തയാഴച സിംഗപൂരില്‍ നടക്കാനിരിക്കെയാണ് അസദിന്റെ സന്ദര്‍ശന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
ദമാസ്‌ക്കസിലെ ഉത്തര കൊറിയന്‍ അംബാസഡര്‍ മുന്‍ ജോങ് നാമിനെ അസദ് ബുധനാഴ്ച കണ്ടിരുന്നു. ഉത്തര കൊറിയന്‍ നേതാവ് കിമ്മിന്‍റെ നിലപാടുകളേയും രാഷ്ട്രീയ നീക്കങ്ങളേയും അസദ് പുകഴത്തിയതായും കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അസദിന്റെ ഓഫീസ് ഉത്തര കൊറിയന്‍ സന്ദര്‍ശനം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ഉത്തര കൊറിയയും സിറിയയും തമ്മില്‍ പതിറ്റാണ്ടുകളായി നല്ല ബന്ധം പുലര്‍ത്തിവരുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സൈനിക സഹകരണമുളളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ രാസായുധ കൈമാറ്റം നടക്കുന്നതായും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.