ആലപ്പുഴ- സി.പി.എം നേതൃത്വത്തിന് ഈയിടെയായി ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ. നേതാക്കൾ തമ്മിലെ ഗ്രൂപ്പ് പോര് താഴെക്കിടയിൽ വരെ എത്തിയിരിക്കുന്നു. സംസ്ഥാന നേതൃത്വം കാര്യമായി ഇടപെട്ടിട്ട് പോലും നേതാക്കൾക്കിടയിലെ ഗ്രൂപ്പ് വൈരത്തിന് ശമനമുണ്ടായിട്ടില്ല. അതിനിടയിലാണ് പുതിയ ആരോപണം പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കുന്നത്. ഭാര്യയെ ഒഴിവാക്കാൻ ആഭിചാരക്രിയ നടത്തിയെന്നും പരസ്ത്രീ ബന്ധം ചോദ്യംചെയ്തതിന് ക്രൂരമായി മർദിച്ചെന്നും പാർട്ടിക്കു നൽകിയ പരാതിയിൽ പറയുന്നു. ജനപ്രതിനിധികൂടിയായ കായംകുളം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി. യുവതിയുടെ പിതാവാണ് പരാതി നൽകിയിരിക്കുന്നത്. ലോക്കൽകമ്മിറ്റി സെക്രട്ടറിയാണ് യുവതിയുടെ പിതാവ്. നേതാവിന്റെ ഭാര്യയായ യുവതിയും ലോക്കൽ കമ്മിറ്റി അംഗവും സജീവ പ്രവർത്തകയുമാണ്. എസ്.എഫ്.ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ സംസ്ഥാന ഭാരവാഹിയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം സംബന്ധിച്ച് നേതാവിനെതിരെ നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കാനുള്ള നിരവധി ശ്രമങ്ങളും പാർട്ടി നേരിട്ട് നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഔദ്യോഗിക വാഹനത്തിൽ നേതാവ് സ്ത്രീയ്ക്കൊപ്പം യാത്രചെയ്യുന്നതിനിടെ പിടിക്കപ്പെടുകയും പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തു. തന്നെ പല തവണ മർദ്ദിക്കുകയും തന്നെ ഒഴിവാക്കുന്നതിനായി കാമുകിയോടൊപ്പം ചേർന്ന് ആഭിചാരക്രിയകൾ നടത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതി കഴിഞ്ഞ ദിവസം കായംകുളം ഏരിയ കമ്മിറ്റി ചേർന്ന് ചർച്ച ചെയ്തിരുന്നു.