Sorry, you need to enable JavaScript to visit this website.

വഖഫ് വസ്തുവിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ നവീകരണം വഖഫ് അനുമതിയോടു കൂടിയാവാം -മന്ത്രി

കണ്ണൂർ- വഖഫ് വസ്തുവിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ നവീകരണം വഖഫ് ബോർഡിന്റെ മുൻകൂർ അനുമതി ലഭ്യമാക്കി നടത്താമെന്ന്  വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ  അറിയിച്ചു. 
അഴീക്കോട് മണ്ഡലത്തിൽ വഖഫ് ബോർഡിന്റെ സ്ഥലത്ത് പ്രവർത്തിക്കുന്ന പുഴാതി ഗവ. യുപി സ്‌കൂൾ, പാപ്പിനിശ്ശേരി ഗവ. മാപ്പിള എൽപി സ്‌കൂൾ എന്നിവക്ക് നവീകരണ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിച്ചെങ്കിലും നവീകരണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭ്യമാവുന്നില്ലെന്ന കെ.വി.സുമേഷ് എംഎൽഎയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 104 വർഷം പഴക്കമുള്ള പുഴാതി ഗവ. യുപി സ്‌കൂളിന്റെ നവീകരണത്തിനായി ഒരു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. 116 വർഷം പഴക്കമുള്ളതാണ് പാപ്പിനിശ്ശേരി ഗവ. മാപ്പിള എൽപി സ്‌കൂൾ. സ്‌കൂളുകൾ വേറെ ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക എളുപ്പം സാധിക്കാവുന്ന കാര്യമല്ലെന്നും നവീകരണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എംഎൽഎ പറഞ്ഞു.


വഖഫ് വസ്തുവിൽ പ്രവർത്തിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾ സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്താൻ വഖഫ് മുതവല്ലി മുഖേന ബോർഡിൽ അപേക്ഷ സമർപ്പിക്കണം. വഖഫ് ചട്ടപ്രകാരമുള്ള മുൻകൂർ അനുമതി ലഭ്യമാക്കി, ഭൂമിയുടെ ഉടമസ്ഥാവകാശം വഖഫിൽ തന്നെ നിലനിർത്തി നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചു. 1995 ലെ വഖഫ് നിയമം 56 പ്രകാരം വഖഫ് വസ്തുക്കൾ വിവിധ ആവശ്യങ്ങൾക്കായി പാട്ടത്തിന് നൽകാം. 2014 ലെ വഖഫ് പ്രോപ്പർട്ടീസ് റൂൾസ് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനായി പരമാവധി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ കഴിയും.
2019 ലെ വഖഫ് ചട്ടങ്ങൾ 81 പ്രകാരം വഖഫ് വസ്തുവിൽ ഏതെങ്കിലും മാറ്റം/നിർമാണം വരുത്തുന്നതിന് ബോർഡിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. വഖഫ് വസ്തുവിൽ പൊതുവെ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് അതിന്റെ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ സഹിതം വഖഫ് മുതവല്ലിയുടെയോ വഖഫ് കമ്മിറ്റിയുടെയോ ബോർഡിൽ അപേക്ഷ സമർപ്പിക്കണം. ഇപ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ ബന്ധപ്പെട്ട ഡിവിഷനിലെ ഓഫീസ് മുഖാന്തരം സ്ഥലപരിശോധന നടത്തി റിപ്പോർട്ട് ലഭ്യമാക്കിയ ശേഷമാണ് വഖഫ് ചട്ടപ്രകാരമുള്ള മുൻകൂർ അനുമതി നൽകുന്നതെന്നും മന്ത്രി അറിയിച്ചു.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News