കേരളത്തിൽ മാധ്യമപ്രവർത്തനം അതിന്റെ ഏറ്റവും വൃത്തികെട്ട അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം കോഴിക്കോട് യുവ ഡോക്ടർ മരിച്ച സംഭവത്തെ കൈകാര്യം ചെയ്ത രീതി. കൂട്ടുകാരിയുടെ വീട്ടിൽ യുവഡോക്ടർ മരിച്ചതിനെ സുഹൃത്തിന്റെ വീട്ടിൽ യുവഡോക്ടർ മരിച്ച നിലയിൽ എന്ന് വാർത്ത കൊടുത്ത് ആഘോഷിക്കുകയായിരുന്നു മാധ്യമങ്ങൾ. തലക്കെട്ടിൽ തന്നെ സംശയം തോന്നിപ്പിച്ച് പരമാവധി ഹിറ്റ് നേടുക എന്നതിൽ കവിഞ്ഞ് വസ്തുനിഷ്ഠമായ മാധ്യമപ്രവർത്തനത്തിന്റെ വഴികളെല്ലാം മനപൂർവ്വം അടച്ചുപൂട്ടിയിരിക്കുന്നു. ഓരോ ദുരന്തത്തിന്റെയും ആഘാതം അത് ഏൽപ്പിക്കുന്ന കുടുംബത്തെ ആകെ താളം തെറ്റിച്ചുനിൽക്കുന്ന ഘട്ടത്തിലായിരിക്കും ഇത്തരം ഇടിത്തീ കൂടി വരുന്നത്. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളാണ് ഈ വാർത്തയെ ഇത്തരത്തിൽ കൈകാര്യം ചെയ്തത് എന്നറിയുന്നത് ഞെട്ടൽ കൂടുതൽ വർധിപ്പിക്കുകയാണ്.
കോഴിക്കോട് മരിച്ച തൻസിയയുടെ ബന്ധു അനീഷ ബഷീർ എഴുതിയ കുറിപ്പ് ഈ അവസരത്തിൽ ഏറ്റവും പ്രസക്തമാണ്.
താൻസിയ മരിച്ചു എന്ന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അനിയത്തിയാണ്, ഉപ്പാന്റെ പെങ്ങളുടെ മോൾ.
കൂട്ടുകാരിയുടെ വീട്ടിൽ രാത്രി ഉറങ്ങാൻ കിടന്നവൾ രാവിലെ എഴുന്നേറ്റില്ല. മരണത്തിനേക്കാൾ സഹിക്കാൻ പറ്റാത്തത് ടി.വി ചാനലുകളിലും ഓൺലൈൻ മീഡിയകളിലും 'യുവ ഡോക്ടർ സുഹൃത്തിന്റെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ' എന്ന തലക്കെട്ടിൽ അവളുടെ ഫോട്ടോ ചേർത്ത് പടച്ചുവിട്ട വാർത്തകളാണ്.
ഈയൊരു സമയത്ത് അതിന്റെ സത്യാവസ്ഥ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കേണ്ടത് വല്ലാത്തൊരു ഗതികേടാണ്. മറുപടി പറഞ്ഞു മടുത്തു.
പല ഗ്രൂപ്പിലുമായി ന്യൂസ് ബൈറ്റും സ്‌ക്രീൻ ഷോർട്ടും കൊണ്ട് ഫോൺ നിറഞ്ഞു. അതിന്റയൊക്കെ കമെന്റുകൾ അതിലും കേമമാണ്. ഈ വാർത്ത ന്യൂസ് റൂമിലിരുന്ന് വായിച്ച എന്റെ ക്ലാസ്സ് മേറ്റ് അടക്കമുള്ള മാധ്യമപ്രവർത്തർത്തകരോടാണ്, നിങ്ങൾക്കൊന്നും ഒട്ടും മനുഷ്യത്വമില്ലേ. ഇത്രയും തരം താഴാൻ എങ്ങനെ സാധിക്കുന്നു. കുറെ മനുഷ്യർ ജീവിതംകൊണ്ട് ഉണ്ടാക്കിയെടുത്ത ആത്മാഭിമാനം ഒറ്റ ന്യൂസിന്റെ റേറ്റിംഗ് നു വേണ്ടി ഇല്ലാതാക്കികൊടുത്തിട്ട് എന്ത് നേടുന്നു. മാന്യതയുള്ള വല്ല തൊഴിലും എടുത്ത് ജീവിച്ചുകൂടെ എന്ന് ചോദിച്ചാണ് അനീഷ ബഷീർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
വിവിധ മാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിൽ തൻസിയയുടെ മരണ വാർത്തക്ക് താഴെ കുമിഞ്ഞുകൂടിയ കമന്റുകളാണ് ഇതിലുമേറെ ഭീകരം. വൃത്തിക്കെട്ട രീതിയിലുള്ള കമന്റുകളുമായി സാംസ്‌കാരികമായി ഔന്നത്യം പുലർത്തുന്നുവെന്ന് കേളികെട്ടുയർത്തുന്ന മലയാളികൾ സ്വന്തം ഭാഷയിൽ എഴുതിവെച്ച അശ്ലീലങ്ങൾ ലജ്ജിപ്പിക്കുന്നതാണ്.
സ്വന്തം കൂട്ടുകാരിയുടെ വീട്ടിൽ രാത്രി താമസിക്കാനെത്തിയ യുവ ഡോക്ടർ അപസ്മാരം ബാധിച്ച് മരിച്ചതിനെ പോലും വെറുതെ വിടാതെ വെബ്‌സൈറ്റിന്റെ ഹിറ്റിന് വേണ്ടി തരംതാഴുകയാണ് മുൻനിര മാധ്യമങ്ങൾ പോലും. ഇത് തൻസിയയുടെ മരണത്തിൽ മാത്രം സംഭവിക്കുന്നതല്ല. ഏതു വാർത്തകളിലും ഹിറ്റ് തിരയുന്നത് കഴുകൻ ചീഞ്ഞ മാംസം തിരയുന്നതിന് തുല്യമാണ്. ഇത് ഇപ്പോഴേ തകർന്നുനിൽക്കുന്ന മാധ്യമങ്ങളുടെ വിശ്വാസ്യതയെ കൂടുതൽ തകരാൻ മാത്രമാകും ഇടയാക്കുക.