റിയാദ്- ആള്‍മാറാട്ടം നടത്തി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ബാങ്ക് വിവരം ചോര്‍ത്തി പണം തട്ടുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി സൗദി രാജ്യ സുരക്ഷാ വിഭാഗം അറിയിച്ചു. ദമാമിലെ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്.
ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനെന്ന പേരില്‍ ഉന്നതവ്യക്തികളുടെ പേരില്‍ ടെലിഫോണ്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ചും സര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലേക്ക് വ്യാജ ലിങ്കുകള്‍ അയച്ചും ബാങ്ക് എകൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു ഇവരുടെ തട്ടിപ്പ്. ഈ വീട്ടിലെ ടെലിഫോണ്‍ നമ്പറുകള്‍ അവര്‍ ഇതിന്നായി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മാറ്റി.
അജ്ഞാതരില്‍ നിന്നുള്ള ടെലിഫോണ്‍ കോളുകള്‍ക്കനുസരിച്ച് ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ നല്‍കരുതെന്നും അത്തരം കോളുകള്‍ സംബന്ധിച്ച് 330330 നമ്പറില്‍ പെട്രോളിംഗ് വിഭാഗത്തിലോ 990 രാജ്യ സുരക്ഷാ വിഭാഗത്തിലോ അറിയിക്കണമെന്നും സേന ആവശ്യപ്പെട്ടു.