ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ കൊലക്കേസ് സാക്ഷിയെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതികളില്‍ ഒരാളുടെ വീട് പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. ജയിലിലുള്ള സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അതീഖ് അഹമ്മദിന്റെ അടുത്ത ബന്ധുവായ സഫര്‍ അഹമ്മദിന്റെ വീടാണ് തകര്‍ത്തത്.
2005 ല്‍ ബി.എസ്.പി നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ സാക്ഷിയായ അഭിഭാഷകന്‍ ഉമേഷ് പാലാണ് പ്രയാഗ്‌രാജിലെ വീടിന് പുറത്ത് നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ നടത്തിയ വെടിവെപ്പില്‍ ഉമേഷ് പാലിന്റെ സുരക്ഷ ജീവനക്കാരനും കൊല്ലപ്പെട്ടിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്തത് അതീഖ് അഹമ്മദാണെന്ന് പോലീസ് ആരോപിക്കുന്നു. ഇയാളുടെ കടുത്ത എതിരാളിയായിരുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) എം.എല്‍.എ രാജു പാലിന്റെ കൊലപാതകത്തിന്റെ ദൃക്‌സാക്ഷി ആയിരുന്നു ഉമേഷ് പാല്‍. ഇയാള്‍ പോലീസ് മുമ്പാകെ മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പ് കൊലപ്പെടുത്താന്‍ അഹമ്മദാബാദ് ജയിലില്‍ കഴിയുന്ന അതീഖ് അഹമ്മദ് ഏറ്റവും അടുത്ത അഞ്ചോ ആറോ കൂട്ടാളികളെ അയച്ചതായാണ് പോലീസ് ആരോപിക്കുന്നത്. അതീഖ് അഹമ്മദിനോടൊപ്പം മകന്‍ അസദ് അഹമ്മദ്, ഭാര്യയും ബി.എസ്.പി നേതാവുമായ ഷൈസ്ത പര്‍വീണ്‍ എന്നിവരെയും കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടിരുന്നു.
വെടിവെപ്പിനു പിന്നാലെ ഒളിവില്‍ പോയ സഫര്‍ അഹമ്മദിന്റെ പ്രയാഗ്‌രാജിലെ വീടാണ് തകര്‍ത്തത്. അതീഖ് അഹമ്മദിന്റെ ഭാര്യയും മകനും ബംഗ്ലാവില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് ആഡംബര കാറുകളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാഫിയകളെ വളര്‍ത്തുകയാണെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ചിരുന്നു,
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)