മുംബൈ-വരും മാസങ്ങളില്‍ ഇന്ത്യ കനത്തെ ചൂട് നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ രാജ്യത്ത് ഉഷ്ണതരംഗ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത ചൂടിനെ തുടര്‍ന്ന് രാജ്യത്ത് വൈദ്യുതോപയോഗവും റെക്കോര്‍ഡ് നിലയിലാണ്. ഉഷ്ണ തരംഗം കൂടി വരികയാണെങ്കില്‍ ഇത് കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമാകും.
1901 ഫെബ്രുവരിക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. മാര്‍ച്ചില്‍ ഉഷ്ണതരംഗമുണ്ടായാല്‍ രാജ്യത്തെ ഗോതമ്പ് കൃഷിക്ക് അത് കനത്ത നാശമുണ്ടാകും. ധാന്യത്തിന്റെ വിലക്കയറ്റത്തിന് ഇത് കാരണമാകും. അതേസമയം കേരളം ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ ഇത്തവണ പതിവിലും കൂടുതല്‍ ചൂട് കൂടുന്നതിനും ഉഷ്ണതരംഗത്തിനും സാധ്യതയില്ല. വേനല്‍ മഴയും സാധാരണനിലയില്‍ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.