Sorry, you need to enable JavaScript to visit this website.

കേന്ദ്ര സര്‍ക്കാര്‍ വക ഗവര്‍ണര്‍മാര്‍ക്ക് കോടികളുടെ അലവന്‍സ്

ന്യൂദല്‍ഹി- വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള അലവന്‍സുകള്‍ പരിഷ്‌ക്കരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. വിനോദം, അതിഥിസല്‍ക്കാരം, യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ബത്തകളിലാണ് നാലു വര്‍ഷത്തിനു ശേഷം വന്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. നാലു മാസം മുമ്പ് പ്രതിമാസ ശമ്പളം 3.5 ലക്ഷം രൂപയാക്കി ഉയര്‍ത്തിയതിനു പുറമെയാണ് കോടികളുടെ ബത്തകളും ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ബത്ത. വിനോദം, യാത്ര അടക്കമുള്ള ആവശ്യങ്ങള്‍ക്ക് 1.81 കോടി രൂപ ബംഗാള്‍ ഗവര്‍ണര്‍ക്ക് അനുവദിച്ചിരിക്കുന്നു. ഇതിനു പുറമെ വീട് സജ്ജീകരണങ്ങള്‍ക്കായി 80 ലക്ഷം രൂപയും കൊല്‍ക്കത്തയിലും ഡാര്‍ജിലിങിലുമുള്ള രണ്ട് രാജ്ഭവനുകളുടെ പരിപാലനത്തിന് 72.6 ലക്ഷം രൂപയുടെ ബത്തയും ബംഗാള്‍ ഗവര്‍ണര്‍ക്കു ലഭിക്കും. 

തമിഴ്‌നാട് ഗവര്‍ണര്‍ക്ക് വിനോദം, അതിഥിസല്‍ക്കാരം, യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള ബത്തയായി 1.66 കോടി രൂപ അനുവദിച്ചു. ചെന്നൈയിലെയും ഊട്ടിയിലേയും രാജ്ഭവനുകളുടെ പരിപാലനത്തിന് 6.5 കോടി രൂപയും അനുവദിച്ചു. വീട്ടുപകരണങ്ങള്‍ നവീകരിക്കുന്നതിന് 7.50 ലക്ഷം രൂപയും അനുവദിച്ചു. 

ബിഹാര്‍ ഗവര്‍ണര്‍ക്ക് 1.62 കോടി രൂപ അനുവദിച്ചു. രാജ്ഭവന്‍ പരിപാലനം അടക്കമുള്ള മറ്റാവശ്യങ്ങള്‍ക്ക് 1.42 കോടി രൂപയുടെ മറ്റു അലവന്‍സും ലഭിക്കും. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക്് 1.14 കോടി രൂപയുടെ ബത്തയാണ് അനുവദിച്ചത്. മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങൡലെ രാജ്ഭവനുകളുടെ പരിപാലനത്തിന് 1.8 കോടി രൂപയും അനുവദിച്ചു.

കര്‍ണാടക ഗവര്‍ണര്‍ക്ക് 1.05 കോടി രൂപയും രാജസ്താന്‍ ഗവര്‍ണര്‍ക്ക് 93 ലക്ഷ രൂപയും  യുപി ഗവര്‍ണര്‍ക്ക് 66 ലക്ഷം രൂപയും ഗുജറാത്ത് ഗവര്‍ണര്‍ക്ക് 55 ലക്ഷം രൂപയും ഹരിയാന ഗവര്‍ണര്‍ക്ക് 54.5 ലക്ഷം രൂപയും അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ക്ക്  54 ലക്ഷം രൂപയും ആന്ധ്രാ പ്രദേശ് ഗവര്‍ണര്‍ക്ക് 53 ലക്ഷം രൂപയും മധ്യപ്രദേശ് ഗവര്‍ണര്‍ക്ക് 48..43 ലക്ഷം രൂപയുമാണ് ബത്തയായി അനുവദിച്ചത്. ഇതിനു പുറമെ രാജ്ഭവനുകളുടെ പരിപാലനത്തിനും വീടുനവീകരണത്തിനും ലക്ഷങ്ങളുടെ ബത്തയും ഇവര്‍ക്കു ലഭിക്കും.
 

Latest News