ന്യൂദൽഹി- ഇന്ത്യയിലെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ബി.ബി.സി വിഷയം ഉന്നയിച്ച് ബ്രിട്ടൻ വിദേശകാര്യമന്ത്രിയോട് ഇന്ത്യൻ വിദേശ മന്ത്രി എസ്. ജയ്ശങ്കർ. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദായ നികുതി റെയ്ഡ് ഉന്നയിച്ച ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലിയോടാണ് ജയ്ശങ്കർ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മാസം ന്യൂദൽഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളിൽ ഇന്ത്യയുടെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിക്കണമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞതായാണ് റിപ്പോർട്ട്.
നികുതി ക്രമക്കേട്, ലാഭം വകമാറ്റൽ തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് ദൽഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളിൽ മൂന്ന് ദിവസം പരിശോധന നടത്തിയിരുന്നു. സർവേയ്ക്കിടെ, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് രാത്രി മുഴുവൻ ഓഫീസിൽ തങ്ങേണ്ടി വന്നു.
2002 ലെ ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുള്ള പങ്ക് വിശദമാക്കുന്ന ബി.ബി.സി ഡോക്യുമെന്ററിയെ തുടർന്നാണ് ബി.ബി.സി ഓഫീസുകളിൽ റെയ്ഡ് നടന്നത്. 'ഞങ്ങൾ ബിബിസിക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും ഞങ്ങൾ ബി.ബി.സിക്ക് ധനസഹായം നൽകുമെന്നും ബ്രിട്ടൻ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു.