കൊച്ചി : വരാപ്പുഴ പടക്കശാലയിലെ സ്ഫോടനത്തില്‍ നിന്ന് നടന് ധര്മ്മജന് ബോള്‍ഗാട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കേവലം രണ്ടു മിനുട്ടിന്റെ വ്യാത്യസത്തില്‍ മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് ധര്മ്മജന് മാധ്യമങ്ങളോട് പറഞ്ഞു. പടക്ക സംഭരണ ശാലയോട് ചേര്‍ന്ന് കാര്‍പ്പെന്ററി വര്‍ക്ക് നടത്തുന്ന സുഹൃത്തിനെ കാണാനാണ് ധര്മ്മജന് എത്തിയത്. 15 മിനിട്ട് നേരം ഇവിടെ സംസാരിച്ചിരുന്നു. വീട്ടിലേക്ക് തിരിച്ചു പോകാനായി എഴുന്നേറ്റ് 150 മീറ്റര്‍ ദൂരത്തില്‍ എത്തിയപ്പോഴാണ് സ്ഫോടനം നടന്നത്. .തന്റെ അടുത്ത സുഹൃത്തിന്റെ സഹോദരങ്ങള്‍ നടത്തിയിരുന്ന പടക്ക നിര്‍മാണ കേന്ദ്രത്തില്‍ താന്‍ എപ്പോഴും പോകാറുണ്ടെന്നും ധര്മ്മജന് പറഞ്ഞു.
വന്‍ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പടക്ക വില്‍പ്പന കടയുടെ ഉടമയെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഉടമ ജാന്‍സനെതിരെ മനഃപൂര്‍വമായ നരഹത്യക്കാണ് കേസ്. നിയമവിരുദ്ധമായാണ് പടക്ക നിര്‍മ്മാണം നടത്തിയതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പടക്കശാലയില്‍ അനുവദനീയമായ അളവിലും കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നു. വരാപ്പുഴയിലെ പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്ഫോടനമുണ്ടായത് അനധികൃത ശേഖരത്തില്‍ നിന്നാണ്. പടക്കം വില്‍പ്പനക്കുള്ള ലൈസന്‍സ് മാത്രമാണ് ഉള്ളതെന്നും അതിന്റെ മറവില്‍ അനധികൃതമായി വന്‍തോതില്‍ പടക്കം സൂക്ഷിക്കുകയായിരുന്നുവെന്നുമാണ് ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്.
ഇന്നലെ വൈകുന്നേരമാണ് വരാപ്പുഴയില്‍ പടക്കശാലയില്‍ വന്‍ സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും 7 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പൊള്ളലേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശത്തെ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും അടക്കം കേടുപാട് സംഭവിച്ചിട്ടുണ്ട്. പ്രദേശവാസിയായ ജാന്‍സന്റ ഉടമസ്ഥതയിലാണ് പടക്കശാല. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. പരുക്ക് പറ്റിയവരില്‍ മൂന്ന് കുട്ടികളുമുണ്ട്. വര്‍ഷങ്ങളായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനവാസ മേഖലയില്‍ പടക്കനിര്‍മ്മാണ ശാല എങ്ങനെ പ്രവര്‍ത്തിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. സ്ഫോടനത്തില്‍ പ്രദേശത്തെ 50 ഓളം വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.