മുംബൈ- ഇന്ത്യയുടെ കോസ്‌മോപോളിറ്റന്‍ നഗരമാണ് മഹാരാഷ്ട്രയുടെ തലസ്ഥാനമാണ്. വിദ്വേഷത്തിന്റേയും വര്‍ഗീയതയുടേയും വിഷവിത്ത് മുളപ്പിക്കാന്‍ ആഞ്ഞു പരിശ്രമിച്ചാലും ബോളിവുഡ് ആസ്ഥാനമായ മഹാനഗരത്തിനൊരു പാരമ്പര്യമുണ്ട്. ജാതി, മതം, ഭാഷ, ദേശം എന്നിവയ്ക്കതീതമായി മനുഷ്യര്‍ അധിവസിക്കുന്ന മെട്രോ നഗരമാണ് മുംബൈ. വിദ്വേഷത്തിന്റെ കാലത്ത് മുംബൈയിലെ ചരിത്രം ഉറങ്ങുന്ന പ്രസിദ്ധമായ ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറുന്നു. 153 വര്‍ഷം പഴക്കമുള്ള ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്റ്റേഷന്‍ ഇനി 'ചിന്തമന്റാവു ദേശ്മുഖ് സ്റ്റേഷന്‍' എന്നാവും അറിയപ്പെടുക. പേര് മാറിയാലും ഐക്കണിക് ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്റ്റേഷനായി തന്നെ ചരിത്രം ഇതിനെ ഓര്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ഇതിനോടകം പേര് മാറുന്ന മഹാരാഷ്ട്രയിലെ മൂന്നാമത്തെ റെയില്‍വേ സ്റ്റേഷനാണ് ഇത്. നേരത്തെ, വിക്ടോറിയ ടെര്‍മിനസിന്റെ പേര് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് (സിഎസ്എംടി) എന്നും എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷന്റെ പേര് പ്രഭാദേവി സ്റ്റേഷന്‍ എന്നും മാറ്റിയിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഇന്ത്യന്‍ ഗവര്‍ണറായ സി ഡി ദേശ്മുഖിന്റെ പേരിലാണ് ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്റ്റേഷന്‍ ഇനി അറിയപ്പെടുക. സി ഡി ദേശ്മുഖ് അല്ലെങ്കില്‍ ചിന്തമന്റാവു ദേശ്മുഖ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യാക്കാരനാണ്. 1943 ല്‍ ആര്‍ബിഐയുടെ ആദ്യ ഇന്ത്യന്‍ ഗവര്‍ണറായി അദ്ദേഹം ചുമതലയേറ്റു.