Sorry, you need to enable JavaScript to visit this website.

വ്യാപക അറസ്റ്റിനുശേഷം കഴിഞ്ഞ മാസം ശൈശവ വിവാഹം നടന്നില്ലെന്ന് അസം മുഖ്യമന്ത്രി

ഗുവാഹത്തി- കഴിഞ്ഞ മാസം സംസ്ഥാനത്ത്  ഒറ്റ ശൈശവ വിവാഹം പോലും നടന്നിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരായ പോലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ നടപടി മൂലം കഴിഞ്ഞ മാസം സംസ്ഥാനത്ത് ഒരു ശൈശവ വിവാഹം പോലും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം. ഫെബ്രുവരി മൂന്നിനാണ്  അസം സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം ശൈശവ വിവാഹങ്ങള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചത്. 4,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചൊവ്വാഴ്ച വരെ 3,145 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അസമില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ശൈശവ വിവാഹം പോലും നടന്നിട്ടില്ലെന്നും ഇതുന്നെയാണ് സര്‍ക്കാര്‍ നടപടികളുടെ നേട്ടമെന്നും  മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍  പറഞ്ഞു. കസ്റ്റഡിയിലെടുത്തവരില്‍ 900 ഓളം പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യം ഞാന്‍ കരുതിയത് ഏഴ് മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ അവരെ ജയിലില്‍ നിന്ന് വിട്ടയക്കുമെന്നാണ്. എന്നാല്‍ 14-15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഭൂരിപക്ഷം പേര്‍ക്കും ജാമ്യം ലഭിച്ചത്.  ജുഡീഷ്യറിയും സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ചിരിക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇത്തരം സാഹചര്യങ്ങളില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഫെബ്രുവരി 14 ന് ഗുവാഹത്തി ഹൈക്കോടതി പ്രസ്താവിച്ചിരുന്നു. ശൈശവ വിവാഹത്തിനെതിരായ നടപടികളുടെ ഭാഗമായി നടത്തിയ വ്യാപകമായ അറസ്റ്റുകള്‍ ആളുകളുടെ സ്വകാര്യ ജീവിതം തകര്‍ക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News