അങ്കാറ- തുര്‍ക്കിയിലും സിറിയയിലും ഫെബ്രുവരി ആദ്യമുണ്ട ഭൂകമ്പത്തില്‍ 50,000ത്തിലധികം പേര്‍ മരിച്ചതായി പുതിയ കണക്ക്. യുദ്ധത്തില്‍ തകര്‍ന്ന സിറിയയിലെ സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നിയന്ത്രണത്തിലുള്ള ഭാഗങ്ങളില്‍ നിന്നുള്ള കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് മരണസംഖ്യ അരലക്ഷം കവിയുമെന്ന് അറിയിച്ചത്. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തില്‍ സിറിയയില്‍ 5,951 പേരും തുര്‍ക്കിയില്‍ 44,374 പേരുമാണ് മരിച്ചത്.
പുതിയ കണക്കനുസരിച്ച് ഇരു രാജ്യങ്ങളിലും ദുരന്തം മൂലമുണ്ടായ ആകെ മരണങ്ങളുടെ എണ്ണം 50,325 ആയി.
തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ 1,414 പേര്‍ മരിച്ചതായി സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. അതേസമയം തുര്‍ക്കി പിന്തുണയുള്ള സിറിയയിലെ ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ മരണസംഖ്യ 4,537 ആയി കണക്കാക്കുന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിന് പുറത്തുള്ള പ്രദേശങ്ങളിലെ എണ്ണത്തില്‍ പ്രതിപക്ഷ ഗ്രൂപ്പുകളുടെ കൈവശമുള്ള പ്രദേശത്തെ മരണങ്ങളും ഉള്‍പ്പെടുന്നു.
ഇദ്‌ലിബിലെയും വടക്കന്‍ അലപ്പോ പ്രവിശ്യയിലെയും ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, സിവില്‍ ഡിഫന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെയാണ് പ്രാദേശിക അധികൃതര്‍ ആശ്രയിക്കുന്നതെന്ന് ആരോഗ്യ ഉദ്യോഗസ്ഥന്‍ മാരാം അല്‍ശൈഖ് എഎഫ്പിയോട് പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനയുടെ പ്രാദേശിക പങ്കാളിയായ അസിസ്റ്റന്‍സ് കോര്‍ഡിനേഷന്‍ യൂണിറ്റ് (എസിയു) ഓര്‍ഗനൈസേഷന്റെ സഹായത്തോടെയാണ് ഭൂകമ്പത്തില്‍ മരിച്ചവരുടെ കണക്ക് അന്തിമമാക്കിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)