ന്യുദല്‍ഹി- കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി തിരുവനന്തപുരത്തു നിന്നും പറന്നയുര്‍ന്ന പ്രത്യേക വിവിഐപി വിമാനം 12-14 മിനിറ്റ് നേരത്തേക്ക് ആകാശത്ത് 'അപ്രത്യക്ഷമായത'് ആശങ്കയ്ക്കിടയാക്കി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രി. തിരുവനന്തപുരത്തു നിന്നും പറന്നുയര്‍ന്ന ശേഷം പിന്നീട് മൊറീഷ്യസ് വ്യോമപരിധിയിലേക്കു പ്രവേശിച്ചയുടന്‍ ആണ് എമ്പ്രയര്‍ 135 ലെഗസി വിമാനം അല്‍പ്പ നേരത്തേക്ക് കാണാതായത്. വിമാനം കാണാതായാല്‍ നല്‍കുന്ന ആദ്യ സൂചനയും മൊറിഷ്യസ് അധികൃതര്‍ നല്‍കിയത് ആശങ്കയ്ക്കിടയാക്കുകയും ചെയ്തു.
സാധാരണ ഒരു രാജ്യത്തിന്റെ വ്യോമഅതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്ന ഒരു വിമാനം അവിടുത്തെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി 30 മിനിറ്റനകം ബന്ധം സ്ഥാപിച്ചില്ലെങ്കില്‍ വിമാനത്തെ കാണാതായതായി ഔദ്യോഗികമായി പ്രഖ്യാപിക്കും. മന്ത്രി സുഷമയുടെ വിമാനം മൊറീഷ്യസ് വ്യോമ മേഖലയില്‍ പ്രവേശിച്ച് 12 മിനിറ്റ് കഴിഞ്ഞിട്ടും ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മൊറീഷ്യസ് അധികൃതര്‍ ആദ്യ സൂചന നല്‍കിയതെന്ന് എയര്‍പോര്‍ട്‌സ് അതോറിറ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്ന് സൂചനാ അറിയിപ്പുകള്‍ക്കു ശേഷമാണ് വിമാനം ഔദ്യോഗികമായി കാണാതായതായി പ്രഖ്യാപിക്കുക.
ദല്‍ഹിയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രാമധ്യേ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 2.08-നാണ് ഇവിടെ നിന്നും പറന്നുയര്‍ന്നത്. തിരുവനന്തപുരത്തെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) വിവരം ചെന്നൈ എടിസിക്ക് കൈമാറുകയും അവിടെ നിന്ന് മൊറീഷ്യസിലെ എടിസിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ചന്നൈ എടിസി പരിധി വിട്ട ശേഷം മൊറീഷ്യസിലെ എടിസിക്ക് വിമാനമവുമായി ബന്ധം സ്ഥാപിക്കാനാകാതെ വന്നതാണ് ആശങ്കയ്ക്കിടയാക്കിയത്. ഒടുവില്‍ എടിസിയില്‍ നിന്നുള്ള സൂചനകള്‍ ലഭിച്ച പൈലറ്റ് 14 മിനിറ്റിനു ശേഷം മൊറിഷ്യസ് എടിസിയുമായി ബന്ധപ്പെട്ട ശേഷമാണ് ശ്വാസം നേരെ വീണത്.
സമുദ്ര മേഖലയായതിനാല്‍ മൊറീഷ്യസ് റഡാര്‍ കവറേജിനു പുറത്താണെന്നും വെരി ഹൈ ഫ്രീക്വന്‍സി (വിഎച്ച്എഫ്) കമ്മ്യൂണിക്കേഷനിലൂടെയാണ് ഈ മേഖലയില്‍ വിമാനങ്ങള്‍ എടിസിയുമായി ബന്ധപ്പെടുന്നതും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിഎച്ച്എഫ് കമ്മ്യൂണിക്കേഷനിലെ പ്രശ്‌നമാകാന്‍ പൈലറ്റുമായി ബന്ധം സ്ഥാപിക്കുന്നതിന് തടസ്സമായതെന്നും അദ്ദേഹം പറയുന്നു.
സുഷമ സഞ്ചരിച്ച എമ്പ്രയര്‍ വിമാനം ഏറെ സമയം നിലത്തിറക്കാതെ പറത്താന്‍ ശേഷിയുള്ളതല്ല. ദല്‍ഹിയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം ഇന്ധനം നിറയ്ക്കുന്നതിന് തിരുവനന്തപുരത്തും മൊറീഷ്യസിലും ഇറക്കിയിരുന്നു. ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക കൂട്ടായ്മയായ ബ്രിക്‌സ് മന്ത്രിമാരുടെ ഉച്ചകോടിക്കായാണ് സുഷമ ദക്ഷിണാഫ്രിക്കയിലേക്കു പോയത്.