റിയാദ്- സൗദിയിൽ വൈദ്യുതി ഉപയോഗം ലാഭിക്കുന്നതിന്റെ ഭാഗമായി മസ്ജിദുകളിൽ ഗ്ലാസ് ഡിവൈഡറുകൾ ഘടിപ്പിക്കുന്നു. രാജ്യത്തെ 589 മസ്ജിദുകളിലാണ് വൈദ്യുതി ഉപയോഗം, ക്ലീനിംഗ,് പരിപാലന ചെലവു ചുരുക്കൽ തുടങ്ങിയവ ലക്ഷ്യമിട്ട് ഗ്ലാസ് ഡിവൈഡറുകളും ഡോറുകളും പിടിപ്പിക്കുന്നതെന്ന് മതകാര്യ വകുപ്പ് വക്താവ് പറഞ്ഞു. ഉഷ്ണകാലത്ത് ശീതീകരണത്തിനായി പ്രവർത്തിപ്പിക്കുന്ന വൈദ്യുതിയുടെ എഴുപതു ശതമാനത്തോളം ഇത്തരത്തിൽ ലാഭിക്കാനാകും. ലൈറ്റിംഗ് സംവിധാനം, കാർപറ്റുകൾ തുടങ്ങിയവയുടെ മേന്മയും ആയുസ്സും ഇതുവഴി ദീർഘിപ്പിക്കാനാകും. മക്കയിലെ നൂറും റിയാദിൽ 64 ഉം കിഴക്കൻ പ്രവിശ്യയിൽ 58 ഉം തബൂക്കിൽ 30 ഉം ഖസീമിൽ 83 ഉം നജ്‌റാനിൽ നൂറും മദീനയിൽ 22 ഉം അസീറിൽ നൂറും മസ്ജിദുകളിലാണ് പ്രാരംഭ ഘട്ടത്തിൽ 44 മില്യൺ സൗദി റിയാൽ ചെലവിട്ട് ഗ്ലാസുകൾ ഘടിപ്പിക്കുന്നത്. അറ്റകുറ്റപ്പണി, പരിപാലനം, വൈദ്യുതി ചെലവുകൾ, ജോലിക്കാരുടെ ശമ്പളം തുടങ്ങി കോടിക്കണക്കിനു റിയാലാണ് സൗദി സർക്കാർ മസ്ജിദുകൾക്കു വേണ്ടി പ്രതിമാസം ചെലവിടുന്നത്.