തിരുവനന്തപുരം- ഡോ. സിസാ തോമസിനെ സാങ്കേതിക വിദ്യഭ്യാസ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി സര്‍ക്കാര്‍ ഉത്തരവ്. കെ.ടി.യു മുന്‍ വി.സി ഡോ.എം.എസ് രാജശ്രീയാണ് പുതിയ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍. നിലവിലെ തസ്തിക കൂടാതെ അധിക ചുമതല എന്ന നിലക്ക് ആണ് സിസാ തോമസിനെ വി.സി ആയി നിയമിച്ചത്.
സ്ഥാനമാറ്റം സിസയുടെ വി.സി സ്ഥാനത്തെ ബാധിക്കില്ലെന്നും സിസക്ക് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം സുപ്രീം കോടതി വിധിയിലൂടെ പുറത്തു പോകേണ്ടി വന്ന വി.സി ആണ് എം.എസ് രാജശ്രീ. തുടര്‍ന്നാണ് സിസാ തോമസിനെ താല്‍ക്കാലിക ചുമതല നല്‍കി ഗവര്‍ണര്‍ നിയമിക്കുന്നത്. ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള രാജശ്രീയുടെ അഭ്യര്‍ഥനപ്രകാരമാണ് നിയമനം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സിസ തോമസിന്റെ നിയമനം സംബന്ധിച്ച ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും ഉത്തരവില്‍ പറയുന്നു.