ചെന്നൈ - ആരോഗ്യ നില മോശമായതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളയ സഹോദരൻ പ്രഹ്ലാദ് മോദിയെയാണ് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ അയനാമ്പക്കത്തുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദാമോദർദാസ് മുൽചന്ദ് മോദിയുടെയും ഭാര്യ ഹീരാബെന്നിന്റെയും അഞ്ച് മക്കളിൽ നാലാമനാണ് പ്രഹ്ലാദ് മോദി. ഗുജറാത്തിലെ അഹമ്മദാബാദിൽ പലചരക്ക് കടയും ടയർ ഷോറൂമും നടത്തി വരികയാണ് അദ്ദേഹം. കേന്ദ്ര സർക്കാറിന്റെ വിവിധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി പല ഘട്ടങ്ങളിലും പ്രഹ്ലാദ് മോദി രംഗത്തുവന്നിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഹ്‌ളാദും കുടുംബവും സഞ്ചരിച്ച കാർ മൈസൂരിൽ അപകടത്തിൽപ്പെട്ടിരുന്നു. കുടുംബവുമായി ബന്ദിപൂരിലേക്കുള്ള യാത്രക്കിടെ മേഴ്‌സിഡസ് ബെൻസ് എസ്യുവി ഡിവൈഡറിൽ തട്ടി അപകടത്തിൽ പെടുകയായിരുന്നു.