ന്യൂദല്‍ഹി- വ്യത്യസ്ത കേസുകളില്‍ ജയിലിലായ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും രാജിവെച്ചു. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായ സിസോദിയ സി.ബി.ഐ കസ്റ്റഡിയിലാണ്. കള്ളപ്പണക്കേസിലാണ് സത്യേന്ദ്ര ജെയിനിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അംഗീകരിച്ചു.
സി.ബി.ഐ അറസ്റ്റിനെതിരെ സമര്‍പ്പിച്ച ഹരജി സ്വീകരിക്കാന്‍ സുപീം കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് സിസോദിയ രാജിവച്ചത്.
സിബിഐ അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സിസോദിയയുടെ ഹരജി ഉടന്‍ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചിരുന്നു ആദ്യം ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശം. സിസോദിയയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐയുടെ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ച രാത്രിയാണ് സിസോദിയ അറസ്റ്റിലായത്. ദല്‍ഹി റോസ് അവന്യു കോടതി അദ്ദേഹത്തെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനു കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യം ജഡ്ജി എന്‍.കെ.നാഗ്പാല്‍ അംഗീകരിക്കുകയായിരുന്നു.
കെജ്‌രിവാള്‍ മന്ത്രിസഭയില്‍ 18 വകുപ്പുകളാണ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്. ആം ആദ്മി പാര്‍ട്ടിയില്‍ രണ്ടാമനായിരുന്ന സിസോദിയയുടെ അറസ്റ്റ് പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബജറ്റ് തയാറാക്കുന്നതിനെ പോലും ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മന്ത്രിസഭയുടെ പ്രതിഛായ തിരിച്ചുപിടിക്കാനാണു സിസോദിയയുടെ രാജിയെന്നാണ് എഎപി വൃത്തങ്ങള്‍ അവകാശപ്പെടുന്നു.