ജനീവ-വിവാദ ആള്‍ദൈവവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസിന്റെ പ്രതിനിധി യു എന്‍ മീറ്റിംഗില്‍ പങ്കെടുത്തു. സ്വദേശമായ ഇന്ത്യ നിത്യാനന്ദയെ വേട്ടയാടുകയാണെന്ന് പ്രതിനിധി വിജയപ്രദ മീറ്റിംഗില്‍ പറഞ്ഞു.
ഫെബ്രുവരി 22-ന് നടന്ന യുണൈറ്റഡ് നാഷന്‍സ് മീറ്റിംഗിലായിരുന്നു കൈലാസയുടെ പ്രതിനിധി പങ്കെടുത്ത് സംസാരിച്ചത്. തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളെ പുനരുജ്ജീവിപ്പിച്ചതിന് നിത്യാനന്ദ പീഡനം ഏറ്റുവാങ്ങുകയാണെന്നും സ്വന്തം നാട്ടില്‍ നിന്നും നാടുകടത്തപ്പെട്ടതായും അവര്‍ പറഞ്ഞു. ഹിന്ദുവിസത്തിന്റെ ആദ്യ രാജ്യമായ കൈലാസത്തിലേയ്ക്കുള്ള കടന്നുകയറ്റ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം നിത്യാനന്ദ താവളമാക്കിയ തന്നാല്‍ സ്ഥാപിക്കപ്പെട്ട രാജ്യമെന്ന് അവകാശപ്പെടുന്ന ദ്വീപാണ് കൈലാസ. ഇവിടെ സ്വന്തമായി നാണയം അടക്കം പരമാധികാരിയായ നിത്യാനന്ദ പുറത്തിറക്കിയിട്ടുണ്ട്. അഹമ്മദാബാദിലെ ആശ്രമത്തില്‍ അനധികൃതമായി സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് നിത്യാനന്ദ 2020ല്‍ രാജ്യം വിട്ടത്. 2012ല്‍ നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാന്‍ഡിലാകുകയും ചെയ്യുകയായിരുന്നു.