ന്യൂദല്‍ഹി- വിവാഹ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്ത പാകിസ്ഥാനി നടിയെ ട്രോളി നെറ്റിസണ്‍സ്. ഉഷ്‌ന ഷാ എന്ന പാകിസ്ഥാന്‍ നടി അടുത്തിടെയാണ് ഗോള്‍ഫ് താരം ഹംസ അമീനെ വിവാഹം ചെയ്തത്. സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹമെങ്കിലും പിന്നാലെ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
പാകിസ്ഥാന്‍ ബ്രാന്‍ഡായ വാര്‍ദ സലീം രൂപകല്‍പന ചെയ്ത ചുവന്ന ലെഹംഗ ധരിച്ച ഉഷ്‌നയെ ഇന്ത്യന്‍ വധുവിനെ മാതൃകയാക്കിയെന്ന് ആരോപിച്ചാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ കൈകാര്യം ചെയ്യുന്നത്.
പാകിസ്ഥാന് സ്വന്തം സംസ്‌കാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്
വധു നൃത്തം ചെയ്യുന്ന വീഡിയോയെ ആളുകള്‍ ട്രോളുന്നത്. ഇന്ത്യന്‍ സംസ്‌കാരം പാകിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്നത് നിര്‍ത്തണമെന്നാണ് ആവശ്യം. ഇന്ത്യന്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിച്ച് ആളുകളെ വിഡ്ഢികളാക്കുകയാണെന്നാണ് ഒരാളുടെ കമന്റ്. സ്വന്തം സംസ്‌കാരത്തെയും പരമ്പരാഗത മൂല്യങ്ങളെയും മതമൂല്യങ്ങളെയും നശിപ്പിക്കുന്ന ഇത്തരം മാതൃകകള്‍ അംഗീകരിക്കാനാവില്ല.
നിങ്ങളെയൊന്നും ഞാന്‍ ക്ഷണിച്ചില്ലല്ലോ, നിങ്ങളുടെ കാശ് കൊണ്ടല്ലല്ലോ വസ്ത്രങ്ങള്‍ വാങ്ങിയത് തുടങ്ങിയ മറുപടികളുമായി നടി ഇന്‍സറ്റഗ്രാമില്‍ പ്രതിരോധിക്കുന്നുമുണ്ട്. വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും പൂര്‍ണമായും പാകിസ്ഥാനിയാണെന്നും അവര്‍ അവകാശപ്പെടുന്നു.