Sorry, you need to enable JavaScript to visit this website.

സ്വപ്‌നയും പിണറായിയും ശിവശങ്കറും ക്ലിഫ് ഹൗസിൽ യോഗം ചേർന്നെന്ന് മാത്യു കുഴൽനാടൻ; ക്ഷോഭിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം - ലൈഫ് മിഷൻ കോഴ ഇടപാടിനെച്ചൊല്ലി നിയമസഭയിൽ രൂക്ഷമായ വാഗ്വാദം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കോൺഗ്രസിലെ മാത്യു കുഴൽനാടൻ, പിണറായിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്‌നയും ക്ലിഫ് ഹൗസിൽ യോഗം ചേർന്നുവെന്ന് സ്വപ്‌ന പറഞ്ഞതായി സഭയിൽ ആരോപിച്ചു. പിന്നാലെ ക്ഷോഭിച്ച് എഴുന്നേറ്റ മുഖ്യമന്ത്രി കുഴൽനാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താൻ ആരെയും കണ്ടിട്ടില്ലെന്നും തിരിച്ചടിച്ചു. 
 കള്ളമാണെങ്കിൽ സർക്കാർ കോടതിയെ സമീപിക്കണമെന്നും ഇതൊന്നും താൻ എഴുതിയ തിരക്കഥയല്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിനെയാണ് താൻ ഉദ്ധരിച്ചതെന്നും കുഴൽനാടൻ വിശദീകരിച്ചു. തെറ്റാണെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. 
 ഇതിന് മാത്യു ഏജൻസിയുടെ വക്കീൽ ആകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഉപദേശം ആവശ്യമുണ്ടെങ്കിൽ സമീപിക്കാം, പക്ഷേ ഇപ്പോൾ അതിന്റെ ആവശ്യമില്ല. സ്വന്തം നിലയ്ക്ക് കാര്യം തീരുമാനിക്കാൻ തനിക്ക് കഴിയും. ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ ഉപദേശം കേൾക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
 ഇതോടെ സഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വൻ ബഹളവും വാഗ്വാദവുമായി. ഇരുപക്ഷവും സഭയിലെ സീറ്റിൽ നിന്ന് എഴുന്നേറ്റ് ബഹളം വെച്ചതോടെ സഭ നിയന്ത്രിക്കാനാകാതെ അൽപ്പസമയത്തേക്ക് പിരിയുകയായിരുന്നു.
 

Latest News