Sorry, you need to enable JavaScript to visit this website.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; മറുപടി നാഗ്പൂരില്‍ പറയാമെന്ന് പ്രണബ്

ന്യൂദല്‍ഹി- നാഗ്പൂരില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന പ്രചാരക്മാരുടെ സമ്മേളനത്തില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി പങ്കെടുക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പ്രണബ് ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്നത് ഇക്കാലമത്രയും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെ നിഷേധിക്കലാകുമെന്ന് മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ആര്‍ എസ് എസ് പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ട് ജയ്‌റാം രമേശ് പ്രണബിന് കത്തയക്കുകയും ചെയ്്തു. ആര്‍ എസ് എസ് ക്ഷണം പ്രണബ് സ്വീകരിച്ചത് കോണ്‍ഗ്രസ് വൃത്തങ്ങള്‍ക്കിടയില്‍ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. 

അതിനിടെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് തനിക്ക് നിരവധി കത്തുകളും ഫോണ്‍ കോളുകളും ലഭിക്കുന്നുണ്ടെന്നും ഇതിനുള്ള മറുപടി നാഗ്പൂരില്‍ പറയാമെന്നും പ്രണബ് പ്രതികരിച്ചതായി ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് പറയാനുള്ളതെല്ലാം നാഗ്പൂരില്‍ പറയുമെന്ന് പ്രണബ് പറഞ്ഞതായി ആനന്ദ്ബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പ്രണബ് ഇങ്ങനെ പ്രതികരിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാഷ്ട്രപതി ഭവനിലെ ആര്‍എസ്എസ് പ്രവര്‍ത്തകരും പ്രണബിന്റെ വീട്ടിലെ ആര്‍ എസ് എസ് പ്രവര്‍ത്തകരും മറ്റൊന്നാണെന്നും എന്നാല്‍ നാഗ്പൂരിലെ അവരുടെ ഗര്‍ഭ ഗൃഹത്തില്‍ പോകുന്നത്് ഗൗരവമുള്ള വിഷയമാണെന്നും ജയ്‌റാം രമേശ് പ്രതികരിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ആര്‍ എസ് എസ് പ്രചാരക്മാരുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം പോകുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. 

Latest News