Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡാമുകൾ വറ്റി; പാലക്കാട്ട് കർഷകർ ദുരിതത്തിലേക്ക്

പാലക്കാട്- ഡാമുകളിൽ വെള്ളമില്ല, ജില്ലയിൽ രണ്ടാം വിളവ് നെൽക്കൃഷി ആശങ്കയിൽ. മലമ്പുഴ അണക്കെട്ടിൽനിന്ന് പതിനഞ്ച് ദിവസത്തേക്ക് കൂടി മാത്രമേ കാർഷികാവശ്യത്തിന് വെള്ളം നൽകാനാവുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പും താഴ്ന്ന നിലയിലാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിലും കുറവാണ് എല്ലായിടത്തും ജലനിരപ്പ്. കാഞ്ഞിരപ്പുഴ ഡാമിൽ മാത്രമേ അവസ്ഥക്ക് മാറ്റമുള്ളൂ. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഒന്നര മീറ്ററിലധികം കൂടുതലാണ്.
മലമ്പുഴ അണക്കെട്ടിനെ ആശ്രയിച്ചാണ് പാലക്കാട്, ആലത്തൂർ താലൂക്കുകളിലെ നിരവധി പ്രദേശങ്ങളിൽ രണ്ടാം വിളവ് നെൽക്കൃഷി നടക്കുന്നത്. സാധാരണ ഒക്‌ടോബറിൽ രണ്ടാം വിളവ് ഇറക്കാറുണ്ട്. ഇക്കുറി അത് വൈകി. മഴ കനിഞ്ഞില്ലെങ്കിൽ ഇത്തവണ കനത്ത നഷ്ടമാണ് കർഷകരെ കാത്തിരിക്കുന്നത്. പോത്തുണ്ടി അണക്കെട്ടിൽ നിന്ന് കനാലിലേക്ക് വെള്ളം വിടുന്നത് ഞായറാഴ്ച പൂർണ്ണമായും അവസാനിപ്പിച്ചു. മംഗലം ഡാമിൽ നിന്നും മീങ്കര ഡാമിൽ നിന്നും ഒരാഴ്ച കൂടിയേ കനാൽ വെള്ളം നൽകുകയുള്ളൂ എന്നാണ് അറിയിപ്പ്. ചുള്ളിയാറിലും വാളയാറിലും അത്ര പോലും വെള്ളമില്ല. കാഞ്ഞിരപ്പുഴയിൽ നിന്ന് പതിവു പോലെ ഇക്കൊല്ലവും മെയ് അവസാനം വരെ കാർഷികാവശ്യത്തിന് വെള്ളം നൽകാനാവുമെന്നാണ് പ്രതീക്ഷയെന്ന് ജനസേചനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചിറ്റൂർ താലൂക്കിൽ രണ്ടാം വിളവ് നെൽക്കൃഷി നേരത്തേ ഇറക്കിയതിനാൽ അവിടെ കർഷകർക്ക് വലിയ ബുദ്ധിമ്മുട്ട് ഉണ്ടാകാനിടയില്ല. 
ചൂടും ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വലിയ മാറ്റം പ്രകടമാണ്. കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ മുണ്ടൂർ ഐ.ആർ.ടി.സിയിൽ കഴിഞ്ഞ രണ്ടു ദിവസമായി 39 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തി.
 

Latest News