റിയാദ് - കടുത്ത ഇസ്ലാം വിമർശകനായ അമേരിക്കൻ പാസ്റ്റർ, ഫാദർ ഹിലാരിയോൺ ഹിഗി ഇസ്ലാം ആശ്ലേഷിച്ചു. താൻ ഇസ്ലാം ആശ്ലേഷിച്ചതായും സഈദ് അബ്ദുല്ലത്തീഫ് എന്ന പേര് സ്വീകരിച്ചതായും പാസ്റ്റർ അറിയിച്ചു.
ഒരു വൈദികൻ എന്ന നിലയിൽ എനിക്ക് സമൂഹത്തിൽ നല്ല സ്ഥാനമാണുണ്ടായിരുന്നത്. നല്ല വിവരവും പഠിപ്പുമുണ്ടായിരുന്ന എന്നെ എല്ലാവരും നന്നായി സ്നേഹിച്ചിരുന്നു. എന്നാൽ എന്റെ ഉള്ളിലെ ബോധ്യങ്ങൾ മാറി, ഒരാൾക്ക് പരസ്യമായി ഒരു പുരോഹിതനും സന്യാസിയും സ്വകാര്യമായി ഒരു മുസ്ലിമും ആകാൻ കഴിയില്ല. നമ്മളെല്ലാവരും അല്ലാഹുവിന്റെ അടിമകളാണെന്ന് വിശുദ്ധ ഖുർആൻ ഓർമിപ്പിക്കുന്നു. ഇസ്ലാം സ്രഷ്ടാവിന്റെ ഹിതത്തിന് കീഴടങ്ങലാണ്. ഇതാണ് ക്രിസ്തുവിന്റെയും മോശയുടെയും അബ്രഹാമിന്റെയും മുഹമ്മദ് നബിയുടെയും പാതകൾ. ഇസ്ലാമിൽ, കീഴടങ്ങൽ നിങ്ങളുടെ ആഗ്രഹങ്ങൾക്കോ മനുഷ്യരുടെ ആഗ്രഹങ്ങൾക്കോ വിശുദ്ധന്മാർക്കോ മാലാഖമാർക്കോ അല്ല. ഇസ്ലാം ഏക ദൈവത്തിനുള്ള കീഴടങ്ങലാണ്.
ഇസ് ലാമിലേക്കുള്ള തന്റെ പരിവർത്തനം യഥാർഥത്തിൽ ഇസ്ലാമിലേക്കുള്ള തിരിച്ചുവരവും വീട്ടിലേക്കുള്ള മടക്കവും പോലെയാണെന്ന് കാലിഫോർണിയയിൽ ഒരു ക്രിസ്ത്യൻ ആശ്രമം സ്ഥാപിക്കാൻ അടുത്തിടെ വരെ പദ്ധതിയിട്ടിരുന്ന മുൻ വൈദികൻ പറഞ്ഞു. നാൽപതുകാരനായ ഫാദർ ഹിലാരിയോൺ ഹിഗി അമേരിക്കയിൽ ജനിച്ചുവളർന്നതാണ്. പതിനാലു വർഷം വൈദികനായി ജോലി ചെയ്ത ഫാദർ ഹിലാരിയോൺ ഹിഗി പതിവായി ഇസ്ലാമിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 2017 ൽ ഇദ്ദേഹം കത്തോലിക്കാസഭയിലേക്ക് മാറിയിരുന്നു.