Sorry, you need to enable JavaScript to visit this website.

പുതിയതും പഴയതുമായ വിജയനെ പേടിയില്ല; ഇത് സ്റ്റാലിന്റെ നാടല്ലെന്ന് വി.ഡി സതീശൻ

- ഭരണകക്ഷിക്കെതിരെ സ്പീക്കർ; മുഖ്യമന്ത്രി സംസാരിച്ചപ്പോൾ പ്രതിപക്ഷം സഹകരിച്ചു, പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് തടസ്സമുണ്ടാക്കരുതെന്ന് എ.എൻ ഷംസീർ

തിരുവനന്തപുരം - സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പഴയ വിജയനായിരുന്നെങ്കിൽ മറുപടി പറഞ്ഞേനെയെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിനടക്കം നിയമസഭയിൽ പ്രതിപക്ഷ നേതാവ് മറുപടി നൽകി. 
 ഇത് സ്റ്റാലിന്റെ നാടല്ലെന്ന് ഭരണപക്ഷത്തോട് പറഞ്ഞായിരുന്നു പ്രസംഗത്തിന്റെ തുടക്കം. 'സംസ്ഥാന സർക്കാർ 4500 കോടി രൂപയുടെ നികുതി ഭാരം ജനത്തിന് മേൽ അടിച്ചേൽപ്പിക്കുന്നു. നികുതി കുടിശിക പിരിക്കുന്നതിൽ കെടുകാര്യസ്ഥത തുടരുന്നു. പതിനായിരങ്ങൾ ബുദ്ധിമുട്ടുകയാണ്. സംസ്ഥാന സർക്കാരിന്റെ തെറ്റുകൾ മറക്കാൻ ജനങ്ങളുടെ തലയിൽ ബാധ്യതകൾ കെട്ടിവെക്കാനുള്ള സർക്കാർ ശ്രമത്തെയാണ് പ്രതിപക്ഷം എതിർക്കുന്നത്. സമാധാന സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുന്നു. ഇപ്പോൾ പറയുന്നു, പ്രതിഷേധക്കാർ  ആത്മഹത്യാ സ്‌ക്വാഡുകളാണെന്ന്. ഞങ്ങൾക്ക് പഴയ വിജയനെയും പുതിയ വിജയനെയും പേടിയില്ലെന്നും ഇത് സ്റ്റാലിന്റെ മണ്ണല്ലെന്നും മതനിരപേക്ഷ ജനാധിപത്യസൗഹൃദം പൂത്തുലയുന്ന മണ്ണാണെന്നും വി.ഡി സതീശൻ ഓർമിപ്പിച്ചു.
 മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ജനം വീട്ടിലിരിക്കേണ്ട അവസ്ഥയെ കുറിച്ചാണ് പറഞ്ഞത്. ഒരാൾ രണ്ടാൾ എന്നൊക്കെ പറയുന്നു, എന്തിനാണ് പേടിച്ച് കരുതൽ തടങ്കൽ? എന്തിനാണ് ഉറങ്ങിക്കിടന്ന യൂത്ത് കോൺഗ്രസുകാരെ കരുതൽ തടങ്കലിൽ വെക്കുന്നത്? 42 സുരക്ഷാ വാഹനങ്ങൾ എന്തിനാണ്? മുഖ്യമന്ത്രി ഒരു ജില്ലയിലെത്തിയാൽ മുഴുവൻ പോലീസിനേയും മുക്കില്, മുക്കില് നിർത്തുന്നു. കരിങ്കൊടി കാണിക്കാൻ വരുന്നവരെ ഭയന്ന് 100 കണക്കിന് പോലീസുകാർക്ക് ഉള്ളിൽ എന്തിനു ഒളിച്ചുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
 എ.കെ.ജിയുടെ ആത്മകഥയിൽ കരുതൽ തടങ്കലിനെതിരെ പറയുന്നുണ്ട്. അത് വായിക്കണം. കറുപ്പിനോട് ദേഷ്യം ഇല്ലെങ്കിൽ മരണ വീടിനു മുന്നിലെ കറുത്ത കൊടി അഴിച്ചു മാറ്റിയത് എന്തിനാണ്? ട്രാൻസ്‌ജെന്ററിന്റെ കറുത്ത വസ്ത്രം അഴിപ്പിച്ചത് എന്തിനാണ്? കറുത്ത ചുരിദാർ ധരിച്ച ട്രാൻസ് വിഭാഗത്തെ അറസ്റ്റ് ചെയ്തില്ലേ? ഭരണമുന്നണിക്ക് ഭീരുത്വമെന്നും വി.ഡി ചൂണ്ടിക്കാട്ടി.
 അതിനിടെ, പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം വെച്ചു. പിന്നാലെ പ്രതിപക്ഷവും പ്രതിഷേധിച്ചു. തുടർന്ന് ഭരണപക്ഷത്തിനെതിരെ സ്പീക്കർ രംഗത്തുവന്നു. മുഖ്യമന്ത്രി സംസാരിച്ചപ്പോൾ പ്രതിപക്ഷം അനങ്ങിയില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ ഓർമ്മിപ്പിച്ചു. ഭരണനിര ബഹളം വെക്കരുത്. പ്രതിപക്ഷ നേതാവിനെ പോലും പ്രസംഗിക്കാൻ അനുവദിക്കുന്നില്ലെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. ബഹളമായതോടെ സഭ നിർത്തിവെച്ചു.

Latest News