കോട്ടയം: കല്യാണത്തിന് വിളിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കോട്ടയം കറുകച്ചാലിലാണ് സംഭവം. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബിനുവിന് ശരീരമാസകലം വെട്ടേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണമടയുകയായിരുന്നു. കല്യാണം വിളിക്കാത്തതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സെബാസ്റ്റ്യന്‍ തന്റെ കല്യാണത്തിന് ബിനുവിനെ ക്ഷണിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ സെബാസ്റ്റ്യന്റെ വീടിന് ബിനു കല്ലെറിഞ്ഞിരുന്നു. വിഷ്ണുവിനെ ഭാര്യയുടെ മുന്നില്‍ വെച്ച് ബിനു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതാണ് ബിനുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.