Sorry, you need to enable JavaScript to visit this website.

മൗലാന അബുൽകലാം ആസാദിനെ വെട്ടിയതിന്റെ കാരണം കോൺഗ്രസ് വ്യക്തമാക്കണം-എസ്.കെ.എസ്.എസ്.എഫ്

- കേരള നേതാക്കൾക്കും മുന്നറിയിപ്പ്, ബി.ജെ.പിയല്ലാത്ത ആൾട്ടർനേറ്റീവുകൾ ഉള്ള സംസ്ഥാനമാണ് കേരളമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ
 
കോഴിക്കോട് -
റായ്പൂരിൽ സമാപിച്ച എ.ഐ.സി.സി പ്ലീനത്തോടനുബന്ധിച്ച് കോൺഗ്രസ് ഔദ്യോഗികമായി നൽകിയ പരസ്യത്തിൽ മൗലാന അബുൽ കലാം ആസാദിനെ ഒഴിവാക്കിയതിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ സത്താർ പന്തല്ലൂർ. കോൺഗ്രസ് വിട്ടുപോയ നേതാജിയും അംബേദ്ക്കറും തൊട്ട് ആ പാർട്ടിയെ ഏറെ പിറകോട്ട് നയിച്ച നരസിംഹ റാവു വരെ ഇടം പിടിച്ച പരസ്യത്തിൽ ആസാദില്ലാതെ പോയത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് സത്താർ പന്തല്ലൂർ ഫേസ് ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. 
 സ്വാതന്ത്ര്യസമര സേനാനിയും 23 വർഷക്കാലം കോൺഗ്രസിന്റെ മുൻ ദേശീയ അധ്യക്ഷനും രാജ്യത്തെ 11 വർഷം സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും എല്ലാറ്റിലും ഉപരി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും ജ്വലിക്കുന്ന മുഖവുമായ അബുൽ കലാം ആസാദിനെ പരസ്യ ചിത്രത്തിൽനിന്ന് വെട്ടിയതിന് എതിരേ കടുത്ത പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ഇന്നലെ ഉയർന്നത്. സംഭവത്തിൽ പാർട്ടി വക്താവ് ജയറാം രമേശ് കടുത്ത വീഴ്ചയാണെന്നും പൊറുക്കാനാവാത്ത ഈ തെറ്റിന് മാപ്പ് അപേക്ഷിക്കുകയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
സത്താർ പന്തല്ലൂരിന്റെ എഫ്.ബി കുറിപ്പ് ഇങ്ങനെ:
സ്വാതന്ത്ര്യ സമരനായകരുടെ ചിത്രങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു പോരുന്നത് നാളിതുവരെ നാം കണ്ടു ശീലിച്ചത് ഗാന്ധി, നെഹ്‌റു, പട്ടേൽ, ആസാദ് ശ്രേണിയിലായിരുന്നു. എന്നാൽ എ.ഐ.സി.സി പ്ലീനത്തോടനുബന്ധിച്ച് കോൺഗ്രസ് ഔദ്യോഗികമായി നൽകിയ പരസ്യത്തിൽ മൗലാന അബുൽകലാം ആസാദ് ഇല്ല. കോൺഗ്രസ് വിട്ടുപോയ നേതാജിയും അംബേദ്ക്കറും തൊട്ട് ആ പാർട്ടിയെ ഏറെ പിറകോട്ട് നയിച്ച നരസിംഹ റാവു വരെ ഇടം പിടിച്ച പരസ്യത്തിൽ ആസാദില്ലാതെ പോയത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് വ്യക്തമാക്കേണ്ടതുണ്ട്.
 ഐ.സി.എച്ച്.ആറിന്റെ പരസ്യത്തിൽ നിന്ന് നെഹ്‌റുവിനെ ഒഴിവാക്കിയ സംഘ് പരിവാർ മനസ് കോൺഗ്രസിനകത്തും സജീവമാണോ? രാജ്യത്തെ 15 ശതമാനം വരുന്ന മുസ്‌ലിംകളെ സമ്പൂർണമായി തഴഞ്ഞു മുന്നോട്ടുപോകുന്ന ബി.ജെ.പിക്ക് ബദലാവേണ്ടത് അതേ വഴി സ്വീകരിച്ചാണ് എന്നാണ് കോൺഗ്രസും കരുതി വെച്ചിരിക്കുന്നതെങ്കിൽ അവരോട് സഹതപിക്കുകയല്ലാതെ മറ്റു വഴികളില്ല. കേരളത്തിലെ നീണ്ട നേതൃനിര ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം പ്രസംഗിച്ച് പ്ലീനത്തിൽ സജീവമായിരുന്നു. അവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം മലബാറിലെ ശരാശരി മുസ്‌ലിം വോട്ടു വിഹിതം 40 ശതമാനവും കേരളമാകെ അതു 30 ശതമാനവുമാണ്. ഉത്തരേന്ത്യൻ മോഡലിൽ അത് 'ഗിഫ്റ്റ് ഫോർ ഗ്രാന്റഡ്' അല്ല. ബി.ജെ.പിയല്ലാത്ത ആൾട്ടർനേറ്റീവുകൾ ഉള്ള സംസ്ഥാനമാണ് കേരളം. ഇരിക്കുന്ന കൊമ്പ് മുറിക്കുമ്പോൾ മൗനം പാലിക്കുന്നതിനെ ആത്മഹത്യ എന്നും വിളിക്കാം.

Latest News