Sorry, you need to enable JavaScript to visit this website.

ആംആദ്മി സഖ്യം വേണ്ടെന്ന് ദല്‍ഹി കോണ്‍ഗ്രസ്

അജയ് മാക്കന്‍

ന്യൂദല്‍ഹി- വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും നീക്കത്തിന് ദല്‍ഹിയില്‍നിന്ന് തിരിച്ചടി.
ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ദല്‍ഹിയിലെ കോണ്‍ഗ്രസുകാരെ അതിനു കിട്ടില്ലെന്ന നിലപാട് പ്രഖ്യാപിച്ചിരിക്കയാണ് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍. ആം ആദ്മി പാര്‍ട്ടിയുമായുള്ള വിലപേശല്‍ ശക്തമാക്കാനാണോ ഈ നിലപാടെന്ന് വ്യക്തമല്ല.
സഖ്യ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വം തങ്ങളെ സമീപിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡേ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സഖ്യത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ദല്‍ഹി ഘടകത്തിന് ഇക്കാര്യത്തില്‍ താല്‍പര്യമില്ലെന്ന് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് ചര്‍ച്ചകള്‍ക്കു മുന്നിട്ടിറങ്ങിയതെന്നു വിവരമുണ്ട്. മന്‍മോഹന്‍ സിംഗിനെ പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവം രാജ്യത്തുണ്ടെന്ന് കഴിഞ്ഞ ദിവസം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
ദല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ അഞ്ച് സീറ്റ് വേണമെന്നാണ് ആപ്പിന്റെ നിലപാട്. മൂന്നു സീറ്റെങ്കിലും തങ്ങള്‍ക്കു വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ന്യൂദല്‍ഹി, ചാന്ദ്‌നി ചൗക്, നോര്‍ത്ത് വെസ്റ്റ് ദല്‍ഹി എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ കണ്ണ്. 
ദല്‍ഹി ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല നല്‍കി അഞ്ച് നേതാക്കളെ കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി നിയമിച്ചിരുന്നു. അഞ്ചു മണ്ഡലങ്ങളുടെ ചുമതലയാണ് നേതാക്കള്‍ക്കു നല്‍കിയത്. ഇത് രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനുള്ള മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്. ചാന്ദ്‌നി ചൗക്കില്‍ പങ്കജ് ഗുപ്ത, നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ ദിലീപ് കുമാര്‍ പാണ്ഡേ, സൗത്ത് ദല്‍ഹിയില്‍ രാഘവ് ചദ്ദ, ഈസ്റ്റ് ദല്‍ഹിയില്‍ അതിഷി മാര്‍ലേന, നോര്‍ത്ത് വെസ്റ്റ് ദല്‍ഹിയില്‍ ഗുഗന്‍ സിംഗ് രംഗ എന്നിവരെയാണ് എ.എ.പി നിയമിച്ചിരിക്കുന്നത്.
ചര്‍ച്ചക്കായി ആപ്പ് നേതൃത്വം തങ്ങളെ സമീപിക്കുകയായിരുന്നെന്നാണ് അജയ് മാക്കന്‍ പറയുന്നത്. മൂന്നു സീറ്റുകള്‍ നല്‍കിയാല്‍ പോലും കോണ്‍ഗ്രസ് ദല്‍ഹി ഘടകം ഇത് അംഗീകരിക്കില്ല. നരേന്ദ്ര മോഡിക്ക് ദല്‍ഹിയിലേക്കുള്ള വഴി ഒരുക്കി കോണ്‍ഗ്രസിനെ എതിര്‍ത്തത് ആം ആദ്മി പാര്‍ട്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ദല്‍ഹിക്കു പുറത്ത് എല്ലായിടത്തും ആം ആദ്മി പാര്‍ട്ടി പരാജയമാണ്. ദല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കുക എന്നത് അവരുടെ ആവശ്യമാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ദല്‍ഹിയില്‍ ഒരു വികസനവും നടക്കുന്നില്ല. 2013 ല്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്നു. ആ തീരുമാനം കോണ്‍ഗ്രസിന് ചീത്തപ്പേരുണ്ടാക്കുകയാണ് ചെയ്തത്. അതിന്റെ തുടര്‍ച്ചയായി ദല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും അജയ് മാക്കന്‍ പറഞ്ഞു.
 
 

Latest News