റായ്പുർ- ശക്തരുടെ മുന്നിൽ തലകുനിക്കുക എന്നതാണ് സവർക്കറുടെ പ്രത്യയശാസ്ത്രമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുരിൽ പാർട്ടി പ്ലീനറി സമ്മേളനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായ ഞായറാഴ്ച പാർട്ടി പ്രതിനിധികളോട് പ്രസംഗിക്കുകയായിരുന്നു രാഹുൽ. ചൈനയുടെ മുന്നിൽ തല കുനിക്കുകയാണ് മോഡി സർക്കാർ. ചൈന ശക്തമായ സമ്പദ് വ്യവസ്ഥയാണ്. അവരോട് എങ്ങിനെയാണ് പോരാടുക എന്നാണ് മന്ത്രി ചോദിച്ചത്. 'ഇന്ത്യൻ സൈന്യത്തിന്റെ വീര്യത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച ഇന്ത്യൻ മന്ത്രിയുടെ പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സവർക്കറിന്റെയും ആർ.എസ്.എസിന്റെയും ശക്തരായവരുടെ മുന്നിൽ തലകുനിക്കാനുള്ള മാതൃകയാണിതെന്നും രാഹുൽ കുറിച്ചു.
മോഡി സർക്കാരിന്റെ ദേശഭക്തി കാപട്യമാണ്. അദാനിയുടെ തട്ടിപ്പുകൾക്ക് മോഡിയാണ് കൂട്ടു നിൽക്കുന്നത്. വിമാനത്തിൽ തലയിൽ കൈവെച്ച് ഇരിക്കുന്ന മോഡിയുടെ ചിത്രം എല്ലാവരും കണ്ടതാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
LIVE: Day 3 of the Congress' 85th Plenary session in Nava Raipur, Chhattisgarh. #CongressSankalp2024 https://t.co/R1ZvB4YVZZ
— Congress (@INCIndia) February 26, 2023
സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഭാരത് ജോഡോ യാത്രയ്ക്കിടെ താൻ നെഞ്ചേറ്റിയ ഓർമ്മകൾ രാഹുൽ ഗാന്ധി പങ്കുവെച്ചു. കഠിനമായ വേദന അനുഭവിക്കുമ്പോഴും കിലോമീറ്ററുകൾ നടന്നിരുന്നതെങ്ങനെയെന്നും രാഹുൽ വിവരിച്ചു.
തന്റെ നല്ല ആരോഗ്യത്തെക്കുറിച്ച് തനിക്ക് അഹങ്കാരം ഉണ്ടായിരുന്നുവെന്നും എന്നാൽ ഭാരത് ജോഡോ യാത്രയിൽ കാല് വേദന അനുഭവപ്പെട്ടപ്പോൾ അത് പൂർണ്ണമായും നശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ ഒരു അഹങ്കാരിയായിരുന്നു. പ്രത്യേകിച്ച്, എന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ. എന്നാൽ ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം അത് പൂർണ്ണമായും നശിച്ചു. എനിക്ക് ഭാരത് മാതയിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുകയും അത് എനിക്ക് ശക്തി നൽകുകയും ചെയ്തു. ഔദ്യോഗിക വസതി ഒഴിയാൻ പറഞ്ഞപ്പോൾ തന്റെ കുടുംബം എങ്ങനെ ബുദ്ധിമുട്ടിയെന്ന് അദ്ദേഹം വിവരിച്ചു. നാല് മാസത്തിലേറെയായി ഭാരത് ജോഡോ യാത്രയുമായി രാജ്യം ചുറ്റിയ അനുഭവത്തെ വീടു മാറി താമസിക്കേണ്ടി വന്നതിനെ ഔദ്യോഗിക വസതയിൽനിന്ന് മാറി നിന്നതുമായി ബന്ധപ്പെടുത്തി രാഹുൽ പ്രസംഗിച്ചു.