ഭാവ്‌നഗര്‍, ഗുജറാത്ത്- വിവാഹത്തിനിടെ ഹൃദയാഘാതം മൂലം വധു മരണപ്പെട്ടു. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് വിവാഹ ചടങ്ങുകള്‍ക്കിടയില്‍ വധു മരണപ്പെട്ടത്. ഇതേതുടര്‍ന്ന് മരണപ്പെട്ട യുവതിയുടെ അനുജത്തിയെ കൊണ്ട് കുടുംബം വിവാഹം മംഗളമായി പൂര്‍ത്തീകരിച്ചു. ക്ഷേത്രാങ്കണത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്.വിശാലും, ഹേതലും തമ്മിലുള്ള വിവാഹമായിരുന്നു മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടു. തുടര്‍ന്ന് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹേതലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വധു മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇരു കുടുംബത്തിലെയും മുതിര്‍ന്നയാളുകള്‍ കൂടിയാലോചന നടത്തി. ബദല്‍ മാര്‍ഗമെന്ന നിലയില്‍ മരണപ്പെട്ട വധുവിന്റെ അനുജത്തിയെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചടങ്ങ് കഴിയുന്നതുവരെ ഹേതലിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.